
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട അതിക്രമത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനുറച്ച് നടി സനുഷ. പ്രതിക്കെതിരെ സനുഷ തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്കി. പതിനഞ്ച് മിനിറ്റോളം കോടതിയില്‍ ചെലവഴിച്ച ശേഷമാണ് സനുഷ മടങ്ങിയത്.
ഈ മാസം ഒന്നിന് മാവേലി എക്സ്പ്രസില്‍ മംഗലപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവേയാണ് രാത്രി സനുഷയ്ക്കു നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. ശരീരത്ത് സ്പര്‍ശിച്ച സഹയാത്രികന് തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ സനുഷ തന്നെ പിടികൂടുകയായിരുന്നു.
സനുഷ അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ട്രെയിനിലെ ചില സഹയാത്രികര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്നും ഉറക്കം നടിച്ചു കിടന്നുവെന്നും സനുഷ ആരോപിച്ചിരുന്നു.
അതേസമയം, നടിയുടെ ആരോപണങ്ങള്‍ ആന്റോ ബോസ് നിഷേധിച്ചിട്ടുണ്ട്. ബ്ലഷ് ഷുഗര്‍ താഴ്ന്നപ്പോഴുള്ള ശാരീരിക അവസ്ഥയില്‍ കൈ അറിയാതെ ദേഹത്ത് തട്ടിയതാണെന്നാണ് ഇയാളുടെ വാദം. ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.






