
കോട്ടയം: വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതികരണവുമായി ബാബു സെബാസ്റ്റ്യന്‍ രംഗത്ത്. യുജിസി നിര്‍ദേശിച്ചിരിക്കുന്ന യോഗ്യതകള്‍ തനിക്ക് ഉണ്ടെന്നാണ് വിശ്വാസമെന്നും, യുജിസിയുടെ പ്രതിനിധികള്‍ പങ്കെടുത്ത കമ്മിറ്റിയാണ് യോഗ്യത പരിശോധിച്ചതെന്നും ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇതിനെല്ലാം ശേഷമാണ് സെനറ്റിലേക്ക് തന്നെ പരിഗണിച്ചതും നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലശാല വൈസ് ചാന്‍സിലറായിരുന്ന ബാബു സെബസ്റ്റ്യന്റെ നിയമനം ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു.
എംജി യൂണിവേഴ്സിറ്റി മുന്‍ വിസിയെയും കോടതി അയോഗ്യരാക്കുകയായിരുന്നു. ഹര്‍ജിക്കാരനായ പ്രേംകുമാര്‍ സമര്‍പ്പിച്ച ക്വോവാറന്റോ ഹര്‍ജി പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
വിസി പദവിയില്‍ തുടരാന്‍ അദ്ദേഹം അര്ഹനല്ലെന്നു കോടതി പറഞ്ഞു. പത്തു വര്‍ഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചില്ല. വിസിയെ തിരഞ്ഞെടുക്കാന്‍ സമിതി രൂപീകരിച്ചതിലും അപാകതയുണ്ട്. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയ തിരഞ്ഞെടുപ്പു സമിതി അസാധുവാണെന്നും കോടതി നിരീക്ഷിച്ചു.






