
ബംഗലുരു: ഒരു ബോഗിയിലെ പതിമൂന്നോളം യാത്രക്കാരെ ബിസ്ക്കറ്റ് നല്കി മയക്കിയ ശേഷം പണം ഉള്‍പ്പെടെയുള്ള അവരുടെ വിലപ്പെട്ട വസ്തു വകകള്‍ മോഷ്ടിച്ചു. ബോളിവുഡ് സിനിമാസ്റ്റൈലില്‍ നടന്ന മോഷണം ബംഗലുരുവിലെ ഒരു ട്രെയിനിലാണ് നടന്നത്. ഒപ്പം യാത്ര ചെയ്തിരുന്ന യുവാക്കള്‍ പരിചയപ്പെട്ട ശേഷം നല്കിയ ബിസ്ക്കറ്റ് കഴിച്ചതോടെയാണ് എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണത്.
യശ്വന്ത്പൂര്‍ എക്സ്പ്രസ് ട്രെയിനില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവങ്ങള്‍. ജോധ്പൂരില്‍ നിന്നം യാത്ര തിരിച്ച ഏതാനും യുവാക്കളാണ് യാത്രക്കാര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന ബിസ്ക്കറ്റ് നല്‍കിയത്. ബിസ്ക്കറ്റ് കഴിച്ചതും മയക്കം പോലെ തോന്നിയ യാത്രക്കാര്‍ പെട്ടെന്ന് തന്നെ ബോധരഹിതരാകുകയായിരുന്നു. ഈ സമയത്ത് യുവാക്കള്‍ യാത്രക്കാരുടെ വിലപിടിച്ച വസ്തുക്കളുമായി രക്ഷപ്പെട്ടു.
മയക്കം വിട്ടുണര്‍ന്നപ്പോഴാണ് ബാഗിലുണ്ടായിരുന്ന തങ്ങളുടെ വസ്തു വകകള്‍ നഷ്ടപ്പെട്ടതായി യാത്രക്കാര്‍ തിരിച്ചറിഞ്ഞത്. പുലര്‍ച്ചെ നാലു മണിയോടെ നല്ലൂരിനടുത്ത ഗുഡൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ പോലീസില്‍ പരാതി നല്കി. യാത്രക്കാരെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ആറു പേരുടെ നില ഗുരുതരമാണ്. യുവാക്കള്‍ ട്രെയിനില്‍ കയറിയ സ്റ്റേഷനിലെ സിസിടിവി ഫൂട്ടേജ് പരിശോധിക്കുകയാണ് പോലീസ്.
ആഹാരാവശിഷ്ടം പോലീസ് പിന്നീട് പരിശോധനയ്ക്ക് അയച്ചിരുന്നു. ആള്‍ക്കാരെ മയക്കുമരുന്ന് നല്കി കൊള്ളയടിക്കുന്നത് ട്രെയിനില്‍ ഇപ്പോള്‍ സാധാരണമാണ്. എളുപ്പത്തില കിട്ടുന്ന ഇത്തരം മരുന്നുമായി ഗ്യാംഗുകള്‍ കോച്ചുകളില്‍ കയറുന്നതും മൂലം ഏജന്‍സികള്‍ക്ക് ഇക്കാര്യം എളുപ്പം കണ്ടുപിടിക്കുന്നതും പരിശോധന നടത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പോലീസ് പറയുന്നത്.






