
തിരുവനന്തപുരം: മതവിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എം.എം അക്ബറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ചെന്ന കേസില്‍ എം.എം അക്ബറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് വിദേശ യാത്രക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് അക്ബറിനെ തടഞ്ഞുവെച്ച് കേരള പോലീസിന് കൈമാറിയത്. സ്കൂളിലെ രണ്ടാം ക്ലാസില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ മത പാഠപുസ്തകത്തില്‍ നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായി വന്നാല്‍ എന്ത് ഉപദേശമാണ് ആദ്യം നല്‍കുക എന്ന പാഠഭാഗം ആണ് വിവാദമായത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടിരുന്നു. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും, സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.
സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് 2009 മുതല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. സിബിഎസ്ഇ സ്കൂളില്‍ പ്രധാനമായും മതപഠനമാണ് നടക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎം അക്ബറിന്റെ പീസ് ഫൗണ്ടേഷന്റെ കീഴില്‍ കേരളത്തില്‍ തന്നെ പത്തിലധികം സ്കൂളുകള്‍ കേരളത്തിലുണ്ട്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ തയാറാക്കിയെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്‍.സി.ഇ.ആര് ടിയോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്.ടി.യോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.






