
മുംബൈ: അവര്‍ പറഞ്ഞിടത്ത് ഒപ്പിട്ടുകൊടുക്കുക മാത്രമാണ് ചെയ്തത്. അത് തട്ടിപ്പ് നടത്താനാണെന്ന് അറിയില്ലായിരുന്നെന്നും തനിക്കതേക്കുറിച്ച് ഒന്നുമറിയില്ലെന്നും നീരവ് മോഡിയുടെ വായ്പാ തട്ടിപ്പില്‍ സിബിഐ അറസ്റ്റ് ചെയ്ത മലയാളി ശിവരാമന് നായര്‍. നീരവ് മോഡിയുടേയും മെഹുല്‍ ചോക്സിയുയേും തട്ടിപ്പില്‍ താന്‍ പെട്ടു പോയതാണെന്ന് ശിവരാമന് നായര്‍ പറഞ്ഞു. മെഹുല്‍ ചോക്സിയുടെ രത്നവ്യാപാര കമ്പനിയായ 'ഗിലി ഇന്ത്യ' യുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ശിവരാമന്നായര്.
സ്റ്റെനോഗ്രാഫറായി ജോലിക്ക് കയറിയ ശിവരാമന് നായരെ അക്കൗണ്ടിംഗ് വിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് ഡയറക്ടറാക്കുകയുമായിരുന്നു. എന്നാല്‍ പദവിക്ക് അനുസരിച്ചുള്ള ശമ്പളമോ ആനുകൂല്യമോ ഇല്ലായിരുന്നു. ചോക്സിയുടെ ഇരുപതോളം കമ്പനികളുടെ ഡയറക്ടറായിരുന്നു ശിവരാമന് നായര്‍. വായ്പയെടുക്കാന്‍ ഡയറക്ടറുടെ ഒപ്പു വേണമായിരുന്നു. അത് ചെയ്തു കൊടുത്തു എന്നത് മാത്രമാണ് താന്‍ ഇക്കാര്യത്തില്‍ ചെയ്ത ഏകകാര്യം. എന്നാല്‍ അത് തട്ടിപ്പിനായിരുന്നെന്ന് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ് ശിവരാമന് ഇക്കാര്യം പറഞ്ഞത്. ജാമ്യച്ചീട്ട ലഭിക്കാനുള്ള രേഖകളിലും അപേക്ഷകളിലും ഒപ്പിട്ടിരുന്നത് ഇയാളായിരുന്നു.
പാലക്കാട് സ്വദേശിയായ ശിവരാമന് നായര്‍ മുംബൈയിലെ കല്യാണിലാണ് താമസിക്കുന്നത്. ശിവരാമന് നായരെ ഡയറക്ടറായി ഉപയോഗിച്ച കമ്പനികളെല്ലാം വായ്പാതട്ടിപ്പില്‍ പങ്കാളിയാകുകയും ചെയ്തു. ഞായറാഴ്ച അറസ്റ്റ് ചെയ്ത ശിവരാമന് നായരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുകയും വിശദമായ ചോദ്യം ചെയ്യലിനായി 17 വരെ സിബിഐ കസ്റ്റഡിയില്‍ വിടുകയും ചെയ്തിട്ടുണ്ട്. ശിവരാമന് നായര്‍ക്ക് പുറമേ മനീഷ്. കെ. ബൊസാമിയ, മിതന്‍ അനില്‍ പാണ്ഡ്യ, സഞ്ജയ് രാംബിയ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.






