
കണ്ണൂർ: ആറളം ഫാമിലെ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം തുടരുന്നു. വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച ജീപ്പ് കാട്ടാന ആക്രമിച്ച് തകർത്തു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചെ ആർആർടി സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. ആന വാഹനത്തിന് നേരെ പാഞ്ഞടുത്തതോടെ ജീവനക്കാർ ഉടൻ പുറത്തിറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. പിന്നീട് ആനയെ വനത്തിലേക്ക് തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.
ആറളം പൂക്കുണ്ട് മേഖലയിലാണ് കാട്ടാന ശല്യം തുടർന്നുകൊണ്ടിരിക്കുന്നത്. രാത്രിയും പുലർച്ചെയും ആനയെ തുരത്തുന്നതിനായി ആർആർടി സംഘം നിരന്തരം പട്രോളിംഗ് നടത്തിവരുന്നു. പ്രദേശത്ത് പ്രശ്നക്കാരനായി അറിയപ്പെടുന്ന മോഴയാനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും വർഷത്തിനിടെ ആറളം ഫാമിൽ 15 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആനമതിൽ ഉൾപ്പെടെയുള്ള പ്രതിരോധ പദ്ധതികൾ ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്തതിനെതിരെ നാട്ടുകാരുടെ വിമർശനം ശക്തമാണ്.






