
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എ യുമായ രാജീവ് ചന്ദ്രശേഖര്‍. ശബരിമല പ്രക്ഷോഭകാലത്ത് പിണറായി സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
ആവശ്യം അംഗീകാരിക്കാതിരുന്നാല്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് ആലോചന. കേസില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തില്‍ അന്തര്‍സംസ്ഥാന അന്താരാഷ്ട്രബന്ധങ്ങള്‍ വരെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നിയമനടപടിയെടുക്കുകയും വേണം.
ഇതിനെല്ലാമായി ഇക്കാര്യത്തില്‍ സുതാര്യമായ ഒരു അന്വേഷണം നടത്തുകയാണ് വേണ്ടത്. നിലവിലെ അന്വേഷണത്തെ സുതാര്യമായി കാണാനാകില്ലെന്നും സിബിഐ തന്നെ അന്വേഷണത്തിനായി വരണമെന്നും ബിജെപി അദ്ധ്യക്ഷന്‍ കത്തില്‍ പറയുന്നു. അതുപോലെ തന്നെ ശബരിമല പ്രക്ഷോഭകാലത്ത് ഇടതുസര്‍ക്കാര്‍ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി സര്‍ക്കാരിന്റെ കാലത്ത് ആചാരലംഘനത്തിനായുള്ള നടപടിക്രമങ്ങള്‍ നടന്നിരുന്നതായും ഇതിനെതിരേ ജനങ്ങള്‍ നാമജപഘോഷയാത്ര പോലെയുള്ള പ്രതിഷേധവുമായി തെരുവിലിറങ്ങിയതായും അവര്‍ക്കെതിരേ കേസെടുക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് ആവശ്യം.






