
മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെട്ടുപോയ പതിനൊന്നു സ്ത്രീകളില്‍ പത്തുപേരെയും രക്ഷപ്പെടുത്തിയ യുവതിയോട് ടിവി റിപ്പോര്‍ട്ടര്‍:
''നിങ്ങള്‍ ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കില്‍ ആ പതിനൊന്നാമത്തെ സ്ത്രീയെക്കൂടി രക്ഷപ്പെടുത്താമായിരുന്നു.''
യുവതി: ''നടക്കില്ല. അതെന്റെ അമ്മായിയമ്മയായിരുന്നു.''
- ഗോപി, പറവൂര്‍
***
ദിനേശന് വൈദ്യനോട്:
''എന്റെ മകന് എന്നും ഉറക്കത്തില്‍ 'ഞെട്ടി'യെണീക്കുന്നു. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ വൈദ്യരേ?''
വൈദ്യന്: ''ഉം... എവിടുന്നേലും കുറച്ച് വട്ടയില സംഘടിപ്പിച്ച് ഉറങ്ങുമ്പോള്‍ കൈയില്‍ കൊടുക്കുക. കേട്ടിട്ടില്ലേ 'ഞെട്ടില്ലാ വട്ടയില.''
- ഷിബു, മൂഴിക്കുന്ന്
****
ധനികനായ പാപ്പച്ചന്റെ വീട്ടില്‍ പിരിവിനായി വന്ന സ്ത്രീകളില്‍ ഒരാള്‍:
''ഞങ്ങള്‍ പുതിയതായി തുടങ്ങുന്ന ആശുപത്രിക്കുവേണ്ടി എന്തെങ്കിലും സംഭാവന തരണം.''
പാപ്പച്ചന്: ''അമ്പതിനായിരം രൂപ തരാം. പക്ഷേ എനിക്കെന്തെങ്കിലും അസുഖം വന്നാല്‍ സൗജന്യമായി ചികിത്സ ഉറപ്പാക്കാമോ?''
രൂപ വാങ്ങി രസീത് കൊടുത്തശേഷം സ്ത്രീകള്‍:
''ഞങ്ങളുടേത് പ്രസവാശുപത്രിയാ...''
- പ്രകാശ്, കട്ടപ്പന
ഓഫീസ് മാനേജര്‍ ക്ലാര്‍ക്കിനോട്:
''ഞാന്‍ പറഞ്ഞ തമാശകേട്ട് എല്ലാവരും ചിരിച്ചപ്പോള്‍ താന്‍ മാത്രമെന്താ ചിരിക്കാതിരുന്നത്?''
ക്ലാര്‍ക്ക്: ''എനിക്ക് വേറൊരു കമ്പനിയില്‍ ജോലി ശരിയായിട്ടുണ്ട്.''
- ഹരി, കൊല്ലം
***
പത്രവായനയ്ക്കിടയില്‍ സുകു:
''അടുത്തവര്‍ഷം മുതല്‍ സ്കൂളുകളില്‍ തൊഴില്‍പഠനം നിര്‍ബന്ധമാക്കുമെന്ന്.''
ഇതുകേട്ട രവി: ''അതിനി നിര്‍ബന്ധമാക്കേണ്ട കാര്യമില്ലല്ലോ. വര്‍ഷങ്ങളായി കുട്ടികള്‍ 'ചുമട്' എടുത്തു പഠിക്കുകയല്ലേ...''
- മണിക്കുട്ടന്, തിരൂര്‍
***
ഭാര്യയെ ആക്രമിച്ച് ആഭരണം തട്ടിയ കേസിന്റെ വിചാരണവേളയില്‍ ഭര്‍ത്താവിനോട് ജഡ്ജി:
''ഈ സംഭവം നടക്കുന്ന സമയത്ത് നിങ്ങള്‍ പറമ്പില്‍ വാഴവെട്ടുകയായിരുന്നു എന്നല്ലേ പറഞ്ഞത്? കൈയില്‍ വെട്ടുകത്തിയുണ്ടായിട്ടും നിങ്ങളെന്താ നോക്കിനിന്നത്?''
ഭര്‍ത്താവ്: ''ആരെയും വെട്ടാനുള്ള മനക്കരുത്ത് എനിക്കില്ല സാറേ... ഉണ്ടായിരുന്നെങ്കില്‍ ഞാനെന്നേ ഇവളെ തട്ടിയേനെ...''
- ശിവന്, തൃശൂര്‍
***
ഭാര്യ ഭര്‍ത്താവിനോട്:
''നിങ്ങളറിഞ്ഞോ... പ്രച്ഛന്നവേഷമത്സരത്തില്‍ നമ്മുടെ മോള്ക്കാ ഒന്നാംസ്ഥാനം.''
ഭര്‍ത്താവ്: ''എങ്ങനെ കിട്ടാതിരിക്കും... നിന്റെയല്ലേ സന്തതി? പുരുഷവേഷം കെട്ടി നട്ടപ്പാതിരായ്ക്ക് എന്റെകൂടെ ഒളിച്ചോടിയവളല്ലേ നീ.''
- പ്രദീപ്, ആയ്ക്കാട്
****
ആശുപത്രിയിലെ പ്രസവമുറിയിലേക്ക് ഓടിച്ചെന്നു കയറാന്‍ ശ്രമിച്ച യുവാവിനോട് നഴ്സ്:
''ഇത് പ്രസവമുറിയാണ്. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിവച്ചിരിക്കുന്നതു കണ്ടില്ലേ?''
യുവാവ്: ''ഞാന്‍ അന്യനല്ല സിസ്റ്റര്‍... ഇപ്പോഴുണ്ടായ കുഞ്ഞിന്റെ അച്ഛനാണ്.''
- വിനോദ്, മുടവൂര്‍