
കോഴിക്കോട്: സുപ്രീംകോടതി വിധിയോടെ സ്വതന്ത്ര്യം കിട്ടിയെന്നും ഇഷ്ടമുള്ള വിശ്വാസം പിന്തുടരാന് എല്ലാവര്ക്കും അവകാശം ഉണ്ടെന്നും പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തവര്‍ക്ക് നന്ദിയെന്നും ഹാദിയ. മതം മാറാന്‍ വേണ്ടി ആദ്യം സമീപിച്ച സംഘടനകള്‍ സഹായിച്ചില്ല. സഹായത്തിന് പരിധിയുണ്ടായിരുന്നെന്നും പിന്നീട് പോപ്പുലര്‍ ഫ്രണ്ടാണ് അതിന് കൂടെ നിന്നതെന്നും ഹാദിയ പറഞ്ഞു.
ഇന്ന് രാവിലെ ഭര്‍ത്താവ് ഷഫീന് ജഹാനൊപ്പം ഹാദിയ കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടു. തിങ്കളാഴ്ച തിരിച്ചു പോകും മുമ്പ് വിശദമായ വാര്‍ത്താ സമ്മേളനം നടത്തുമെന്നും ഇപ്പോള്‍ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു.
അതിന് നന്ദി പറയാനാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ എത്തിയത്. തങ്ങള്‍ക്ക് നല്കിയ സഹായങ്ങള്‍ക്ക് നന്ദി പറയാന്‍ ഷഫീനും ഹാദിയയും ഇന്ന് രാവിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് ആസ്ഥാനത്ത് എത്തിയിരുന്നു. മതം മാറിയുള്ള വിവാഹത്തില്‍ പുറമേ നിന്നും കുറ്റപ്പെടുത്താനാണ് കൂടുതല്‍ പേരും തയ്യാറായത്. കേസുമായി ബന്ധപ്പെട്ട പലരും പല ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ തന്റെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു കിട്ടിയിരിക്കുന്നു.
അഭ്യസ്ത വിദ്യരും പ്രായപൂര്‍ത്തിയായവരുമായ രണ്ടു പേര്‍ക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇപ്പോള്‍ ഉണ്ടായിരുന്നു അതിനെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഭര്‍ത്താവ് ഷഫീന് ജഹാന് പറഞ്ഞു. അന്വേഷണവും നിയമപോരാട്ടവും തുടരുമെന്നും ഇരുവരും പറഞ്ഞു. തനിക്കെതിരേ എന്‍ഐഎ നടത്തുന്ന അന്വേഷണം തുടരട്ടെ നീതി ലഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇപ്പോള്‍ കിട്ടിയിരിക്കുന്ന നീതി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷഫീന് ജഹാനും പറഞ്ഞു. പോരാട്ടവുമായി അവസാനം വരെ പോകുമെന്ന് പോപ്പുലര്‍ ഫ്രണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.
സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഹാദിയയും ഷഫീനും വീണ്ടും കണ്ടുമുട്ടിയത്. ഇവരുടെ വിവാഹം സാധുവാക്കി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഭര്‍ത്താവുമായി ഒന്നിച്ച ഹാദിയ ഇന്നലെ രാത്രി ഒരു മണിയോടെ കോഴിക്കോട്ട് എത്തുകയും ഇന്ന് രാവിലെ എട്ടു മണിക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇ അബൂബക്കര്‍, നസറുദ്ദീന്‍ എളമരം എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുമായി ഹൃസ്വമായ കൂടിക്കാഴ്ച നടത്തി.
മൂന്ന് ദിവസത്തേക്കുള്ള ലീവിലാണ് വന്നതെന്നും വീട്ടുകാരെയും കൂട്ടുകാരെയും ബന്ധുമിത്രാദികളെയും കാണുകയാണ് പ്രധാനമെന്നും തിങ്കളാഴ്ച വിളിക്കുന്ന വിശദമായ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കാമെന്നും വ്യക്തമാക്കി.






