
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണം കൊലപാതകമായിരുന്നുവെന്നും ആദ്യദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യമറിയായിരുന്നുവെന്നും റിപ്പോര്‍ട്ട്. സുനന്ദയെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നുവെന്ന് സംഭവം അന്വേഷിച്ച പോലീസിന് പിറ്റേദിവസം തന്നെ വിവരം ലഭിച്ചിരുന്നുവെന്നും ആരാണ് സംഭവത്തിനു പിന്നിലെന്നു മനസിലായിരുന്നതായും മുംെബെ ആസ്ഥാനമായ ഡി.എന്‍.എ. പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സുനന്ദ മരിച്ചു നാലുവര്‍ഷമായിട്ടും സംഭവത്തിനു പിന്നിലെ ദുരൂഹത തുടരുന്നതിനിടെയാണ് അന്നത്തെ ദക്ഷിണ ഡല്‍ഹി റേഞ്ച് ജോയിന്റ് കമ്മിഷണര്‍ വിവേക് ഗോഗിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പത്രത്തിന്റെ വെളിപ്പെടുത്തല്‍. 2014 ജനുവരി 17നാണ് ഡല്‍ഹിയില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ശശി തരൂര്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ പേരെ ചോദ്യംചെയ്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
സുനന്ദയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പരിശോധിച്ച വസന്ത് വിഹാര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് (എസ്.ഡി.എം) അലോക് വര്‍മ, ഇതു ആത്മഹത്യയല്ലെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് മുന്‍ ഡപ്യൂട്ടി കമ്മിഷനര്‍ ബി.എസ് ജയ്സ്വാള്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകമാണെന്നാണു വ്യക്തമാക്കുന്നത്. സാഹചര്യതെളിവുകള്‍ പ്രകാരം മരണകാരണം വിഷംകുത്തിവച്ചതാണെന്നും ഡി.എന്‍.എ. റിപ്പോര്‍ട്ടിലുണ്ട്.






