
കുറ്റിപ്പുറം : കുഴഞ്ഞ് വീണയാള്‍ മണിക്കൂറുകള്‍ റോഡില്‍ കിടന്ന് ആരും തിരിഞ്ഞു നോക്കാതെ സൂര്യതാപമേറ്റ് മരിച്ചു. കുറ്റിപ്പുറത്തിനടുത്ത തൃക്കണാപുരം വാസുപ്പടിയില്‍ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ചെല്ലപ്പന് പിള്ള എന്നയാള്‍ക്കാണ് ദാരുണാന്ത്യം ഉണ്ടായത്.
മദ്യപാനിയെന്ന് കരുതി നടുറോഡില്‍ കുഴഞ്ഞ് വീണ ചെല്ലപ്പന് പിള്ളയെ ആരും തിരിഞ്ഞു നോക്കാതെ പോവുകയായിരുന്നു. കൊടും വെയിലത്ത് രാവിലെ മുതല്‍ ഏഴ് മണിക്കൂറാണ് ചെല്ലപ്പന് പിള്ള റോഡില്‍ കിടന്നത്.
എന്നാല്‍ വൈകുന്നേരമായും ഇതേ കിടപ്പായതോടെ സംശയമായ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് വൈകീട്ട് ആറുമണിയോടെ കുറ്റിപ്പുറത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെയിലേറ്റ് ഏറെ നേരം കിടന്നതാണ് ചെല്ലപ്പന്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇദ്ദേഹം മദ്യപിച്ചിരുന്നതായും തുടയില്‍ പൊള്ളലേറ്റതെന്നു കരുതുന്ന പാടുണ്ടെന്നും സൂര്യതാപമേറ്റതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസറ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും






