
പത്തനംതിട്ട: ഭൂരഹിതരായ 2.70 ലക്ഷം കുടുംബങ്ങള്‍ തലചായ്ക്കാന്‍ ഇടംതേടി അലയുമ്പോള്‍ സംസ്ഥാനത്ത് മിച്ചഭൂമിയായി ഏറ്റെടുത്ത 29,000 ഏക്കര്‍ സ്ഥലം ''കാണാനില്ല.'' ഏറ്റെടുത്ത ഭുമി എവിടെയാണെന്നു റവന്യു വകുപ്പിനു തിട്ടമില്ല. 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി നടപ്പാക്കുന്നതിനു മിച്ചഭൂമി കണ്ടെത്താന്‍ നട്ടംതിരിയുന്ന റവന്യൂ അധികൃതര്‍ ഭൂമിയില്ലാത്തതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന ന്യായം പറഞ്ഞ് ഇരുട്ടില്‍ തപ്പുകയാണ്.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ 1,00,166 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുണ്ടെന്നാണു റവന്യൂ വകുപ്പുമന്ത്രി നിയമസഭയെ അറിയിച്ചത്. പാവപ്പെട്ടവന് ഇതുവരെ വിതരണം ചെയ്തത് 71,050.48 ഏക്കര്‍ മാത്രം. ബാക്കിയുള്ള 29,116 ഏക്കര്‍ സ്ഥലമാണ് അപ്രത്യക്ഷമായിട്ടുള്ളത്. 1970 മുതലാണു സീലിങ് കേസ് നടപടികള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്. അന്നുമുതല്‍ ആരില്‍നിന്നൊക്കെ ഭൂമി ഏറ്റെടുത്തു എന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ പക്കല്‍ ലഭ്യമല്ല.
റവന്യൂ രേഖകള്‍ പ്രകാരം ഓരോ ജില്ലയില്‍നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലത്തിന്റെ കണക്ക് ചുവടെ:
തിരുവനന്തപുരം-1244.26 ഏക്കര്‍, കൊല്ലം-1883.46, പത്തനംതിട്ട-186.04, ആലപ്പുഴ-5356.61, കോട്ടയം-3296.56, ഇടുക്കി-6630.70, എറണാകുളം- 1597.99, തൃശൂര്‍-4106.47, പാലക്കാട്-19588. 10, കോഴിക്കോട്- 3617.66, വയനാട്- 4170.14, കണ്ണൂര്‍-22990.65, കാസര്‍ഗോഡ്-16640.76.ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുത്തിട്ടുള്ളത് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ഭൂമി വിതരണം ചെയ്തിട്ടുള്ളതും ഈ ജില്ലകളിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഭൂമി ലഭ്യമായവരുടെയും വിതരണം ചെയ്ത ഭൂമിയുടെയും കണക്കുള്‍ ചുവടെ:
തിരുവനന്തപുരം- 479 പേര്‍ക്ക്-800.48 ഏക്കര്‍, കൊല്ലം- 6270 (1361 ഏക്കര്‍) പത്തനംതിട്ട-1007(157.55), ആലപ്പുഴ-8165 (4669), കോട്ടയം-4588 (2145.48), ഇടുക്കി-4074 (3432.73), എറണാകുളം-6102(1059.96), തൃശൂര്‍-22717 (3203.37), പാലക്കാട്-27691 (13585) കോഴിക്കോട്- 8952(2048.70), വയനാട്- 6507 (2968.68), കണ്ണുര്‍-43576 (18377. 56), കാസര്‍ഗോഡ്- 14563 (10204. 89).
കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം െകെവശം വയ്ക്കാവുന്നതിലധികം ഭൂമിയുള്ളവരെ കണ്ടെത്തി കേസെടുത്ത് മിച്ചഭൂമികണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് കഴിഞ്ഞ അഞ്ചിന് പി.സി.ജോര്‍ജ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തു എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട് െവെത്തിരി ലാന്‍ഡ് ബോര്‍ഡില്‍ സമര്‍പ്പിച്ച സീലിംഗ് റിട്ടേണ്‍ പ്രകാരം മിച്ചഭൂമിയായി കണ്ടെത്താന്‍ കഴിയുന്ന 28,000 ഏക്കര്‍ സ്ഥലം പോലും ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ആറന്മുളയില് വിമാനത്താവള മേഖലക്കായി കണ്ടെത്തിയ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കാനുള്ള നടപടിയും മന്ദഗതിയിലാണ്.






