
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവുമായിരുന്ന കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ സര്‍ക്കാരിന്റെ നീക്കം. എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പ്രയോജനപ്പെടുത്തി ശിക്ഷാ കാലയളവില്‍ ഇളവ് നല്കി വിട്ടയക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഗൂഢാലോചന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് കുഞ്ഞനന്തന്.
പ്രതിയെ മോചിപ്പിക്കുന്നതിനു മുന്നോടിയായി ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തിന്റെ അഭിപ്രായം തേടിയപ്പോഴാണ് ഈ നീക്കം പുറത്തറിഞ്ഞത്. സര്‍ക്കാര്‍ നല്കിയ ശിപാര്‍ശ പ്രകാരം എസ്.പിയുടെ നിര്‍ദേശം അനുസരിച്ച് സ്ഥലം എസ്.ഐയാണ് ടി.പിയുടെ ഭാര്യ കെ.കെ രമയില്‍ നിന്നും വിശദീകരണം തേടിയത്.
കുഞ്ഞനന്തനെ വിട്ടയക്കുന്നത്. എന്തെങ്കിലും പ്രയാസമുണ്ടോ? അതില്‍ എന്താണ് അഭിപ്രായം എന്നാണ് എസ്.ഐ ചോദിച്ചതെന്ന് കെ.കെ രമ പറഞ്ഞു. സി.പി.എമ്മിന്റെ ഉന്നതരായ നേതൃത്വത്തിന് ഏറ്റവും വേണ്ടപ്പെട്ട വിശ്വസ്തനാണ് കുഞ്ഞനന്തന്. ഉന്നതര്‍ക്കു വേണ്ടിയാണ് കുഞ്ഞനന്നതന് ഗൂഢാലോചന നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ കേസിലെ പ്രതികളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുകയാണെന്ന് രമ ആരോപിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 11 മാസം കൊണ്ട് 211 ദിവസമാണ് കുഞ്ഞനന്തന് ജയിലിന് പുറത്ത് പരോളിലും ഇഷ്ടപ്പെട്ട സ്ഥലത്ത് ചികിത്സയുമായി കഴിഞ്ഞത്. സി.പി.എമ്മിന്റെ വിശ്വസ്തനായ കുഞ്ഞനന്തനല്ലാതെ ആര്‍ക്ക് ഇതുപോലെ സൗകര്യം ലഭിക്കും. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും രമ പ്രതികരിച്ചു.
നേരത്തെ കേരള പിറവിയുടെ അറുപതാം വാര്‍ഷികാഘോഷം പ്രമാണിച്ച് തടവുകാര്‍ക്ക് ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ആദ്യപട്ടികയില്‍ ടി.പി കേസിലെയും ചന്ദ്രബോസ് വധക്കേസിലെയും കാരണവര്‍ വധക്കേസിലേയും പ്രതികള്‍ ഉള്‍പ്പെട്ടത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് പുതുക്കിയ പട്ടിക അടുത്തിടെ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു.






