
മെക്സിക്കോ സിറ്റി : പാരാഗ്ലൈഡിങ്ങില്‍ ഏര്‍പ്പെട്ട രണ്ടുപേര്‍ തമ്മില്‍ പറക്കുന്നതിനിടെ കൂട്ടിയിടിച്ച് നിലത്തു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മെക്സിക്കോ സിറ്റിയിലെ ജനത്തിരക്കേറിയ ബീച്ചിലാണ് അപകടം. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇരു പാരച്യൂട്ടുകളും കൂട്ടിയിടിക്കുകയായിരുന്നു. ഉര്‍സുല ഹെര്‍ണാണ്ടസ് (47) എന്ന യുവതിയാണ് മരിച്ചത്. ഇവര്‍ മെക്സിക്കോ സിറ്റി സ്വദേശിനിയാണ്.
പ്യൂര്‍ട്ടോ എസ്കോണ്‍ഡിഡോയിലെ ബീച്ചിലാണ് അപകടം. നിലം പതിച്ച ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവന് രക്ഷിക്കാനായില്ല. ഇവര്‍ ഇരുവരും ചേര്‍ന്നാണ് പാരച്യൂട്ടുകള്‍ വാടകയ്ക്ക് എടുത്തത്.
പാരാഗ്ലൈഡിങ്ങിനായി കരാറില്‍ ഒപ്പു വയ്ക്കുമ്പോള്‍ ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കമ്പനി ഉത്തരവാദികളായിരിക്കില്ലെന്ന് പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനാണ് സംഭവത്തിന്റെ ചെറു വിവരം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.






