
ന്യുഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിവരങ്ങള്‍ ചോരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കേസില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്.
പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ആധാര്‍ കുറയ്ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിവരങ്ങള്‍ ചോരില്ലെന്ന് സര്‍ക്കാര്‍ വാദിച്ചിരിക്കുന്നത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഭരണഘടന ഉറപ്പു നല്കുന്ന പൗരന്റെ സ്വകാര്യത ആധാര്‍ വിവര ശേഖരണത്തിലൂടെ ലംഘിക്കപ്പെടുന്നുവെന്നും, വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇതിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. 2016 ല്‍ ആധാര്‍ നിയമം വരുന്നതിനു മുമ്പു തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുമ്പ് ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോയെന്നും, വിവരങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നും കോടതി ചോദിച്ചു.
ആധാര്‍ വിവരങ്ങള്‍ എങ്ങനെയാണ് കൃത്യമായി സൂക്ഷിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കാമെന്ന് യുഐഡിഎഐ ചെയര്മാന് അഭിഭാഷകന് മുഖേന കോടതിയെ അറിയിച്ചു. ഇതിനായി പ്രസന്റേഷനുള്ള അനുമതിയും ചോദിച്ചിട്ടുണ്ട്.






