
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ എവിടേയ്ക്ക് തിരിഞ്ഞാലും കണ്ണില്‍ ഉടക്കുന്ന ഫലമാണ് ചക്ക. എന്നാല്‍, ചക്കയെ സംസ്ഥാന ഫലമായി വെറുതെയങ്ങ് പ്രഖ്യാപിക്കുകയായിരുന്നില്ല. നമുക്ക് അറിയുന്നതും അറിയാത്തയുമായ നൂറ് നൂറു ഗുണങ്ങളാണ് ചക്കയ്ക്ക് ഉള്ളിലും പുറത്തുമായി ഒളിഞ്ഞിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ചക്ക കേരളത്തിന്റെ മാത്രമല്ല, നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാടിന്റെ കൂടി ഔദ്യോഗിക ഫലമാണ് എന്നതാണ്.
ഏറ്റവും വലിയ കായ് ഫലം എന്നതാണ് ചക്കയുടെ പ്രത്യേകത. കൂഴച്ചക്ക, വരിക്കച്ചക്ക, തേന്‍ വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ ഗുണങ്ങള്‍ അനുസരിച്ച് വിവിധ തരത്തിലുള്ള ചക്കകള്‍ നാട്ടില്‍ സുലഭമാണ്.
ചക്ക മൊത്തത്തില്‍ ഭക്ഷയോഗ്യമായ ഫലമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ചക്ക മടലും, ചക്കച്ചുളയും, ചക്കക്കുരുവും എല്ലാം ഭക്ഷ്യയോഗ്യമാണ്. അതുകൊണ്ടു തന്നെ ചക്കകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളുടെ കണക്കെടുത്താല്‍ ഒരു നൂറുകൂട്ടം ഉണ്ടാകും.
ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവ് തീരെ കുറവും. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. തികച്ചും കൊളസ്ട്രോള്‍ രഹിതമാണ് ചക്ക. കൊഴുപ്പ് ഇല്ല എന്നതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യവുമാണ്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രിയ സുഗമമാക്കും. വയറിളക്കത്തിനും മലബന്ധത്തിനും ആശ്വാസമേകും.
അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പ് ചോറിന് സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ ചക്കയും ചോറും ഒന്നിച്ച് കഴിക്കരുത്. ചര്‍മ സംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക.
ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അടുത്തിടെ പഠനങ്ങള്‍ തെളിയിച്ചിരുന്നു. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ചക്കക്കുരുവിലുള്ള നിസിത്തിന്‍ സഹായിക്കും. ചക്കക്കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന് റേഡിയേഷന് ചികിത്സയില്‍ ഫലപ്രദമാണ്.
കേരളത്തിനു പുറമേ തമിഴ്നാട്ടിലും ചക്കയ്ക്ക് പ്രിയമേറെയാണ്. തമിഴ്നാട്ടില്‍ ചക്കഗ്രാഗം തന്നെയുണ്ട്. കുടയൂര്‍ ജില്ലയിലെ പണ്‍റുട്ടി എന്ന ഗ്രാമമാണ് ചക്കഗ്രാമമെന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിവര്‍ഷ ചക്ക ഉപഭോഗം ഇവിടെയാണ്.
പണ്‍റുട്ടിക്കാരുടെ ജീവിത മാര്‍ഗം തന്നെ ചക്ക കൃഷിയാണെന്ന് പറയാം. ഏക്കര്‍ കണക്കിന് ഭൂമിയിലാണ് ഇവിടെ ചക്ക കൃഷി ചെയ്തിരിക്കുന്നത്. സ്വന്തമായ കൃഷിരീതിയിലൂടെ വര്‍ഷത്തില്‍ എല്ലാ മാസവും ചക്ക വിളയിക്കുന്നുണ്ട്. പ്രതിദിനം 1500 ലോഡ് ചക്കയാണ് പണ്റുട്ടില് നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്.






