
അഹമ്മദാബാദ് : കമ്മ്യൂണിസ്റ്റ് വിശ്വാസം വച്ചു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എം.എസ് സര്വകലാശാലയല് പ്രവേശനം നല്‍കരുതെന്ന ആവശ്യവുമായി ബി.ജെ.പി നേതാവും സര്‍വകലാശാല സെനറ്റ് മെമ്പറുമായ ഹസ്മൂഖ് വന്ഗേല രംഗത്ത്. കമ്മ്യൂണിസ്റ്റുകള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കരുതെന്നും നല്കിയാല് അവര്‍ ഗുജറാത്തിനെ കഷണങ്ങളാക്കി മുറിക്കുമെന്നുമാണ് നേതാവ് സര്‍വകലാശാലയുടെ വാര്‍ഷിക യേഗത്തില്‍ പറഞ്ഞത്.
അഡ്മിഷന് സമയത്തു തന്നെ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കിവേണം പ്രവേശനം നല്കാന് എന്നാണ് നേതാവിന്റെ വാക്കുകള്‍. വിദ്യാര്‍ത്ഥികളെ കുറിച്ച് എനിക്ക് ധാരണയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിസ്റ്റ് ചായ്വുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ മാറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടായിരുന്നില്ല. ഇനി ഒരിക്കലും ഉണ്ടാകരുത്. അവര്‍ ഗുജറാത്തിനെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സര്‍വകലാശാലയുടെ നടപടി തികച്ചും ഏകപക്ഷീയമാണെന്നും വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ്ണ കാവിവത്കരണം നടത്താനുള്ള സംഘപരിവാര്‍ നീക്കമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.






