
കൊച്ചി : കലോത്സവ വിവാദത്തില്‍ കേരളാ സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നോട്ടീസ്. വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കലാതിലക പട്ടം നഷ്ടപ്പെട്ട കേരള സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും നടിയുമായ മഹാലക്ഷ്മി നല്കിയ ഹര്‍ജിയിലാണ് നടപടി.
അവസാന ദിവസമാണ് മത്സരഫലത്തെ ചൊല്ലി വിവാദം ഉടലെടുത്തത്. മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ത്ഥിനിയും നടിയുമായ മഹാലക്ഷ്മിക്ക് കലാതിലക പട്ടം ലഭിക്കാന്‍ വേണ്ടി മത്സരഫലം തിരുത്തി എന്നായിരുന്നു ആരോപണം. മഹാലക്ഷ്മിയെ കലാതിലകമാക്കാന്‍ വിധികര്‍ത്താക്കള്‍ അനര്‍ഹമായ മാര്‍ക്ക് നല്കി എന്ന് ആരോപിച്ചാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കലാതിലക പട്ടത്തില്‍ ജൂറി തിരുത്തല്‍ വരുത്തുകയും മഹാലക്ഷ്മിക്ക് പകരം മാര്‍ ഇവാനിയോസിലെ രേഷ്മയെ തെരഞ്ഞെടുക്കുകയുമായിരുന്നു.






