
കൊല്‍ക്കത്ത: ആതിഥേയരായ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. 90-ാം മിനിറ്റില്‍ കെ.പി രാഹുലിന്റെ വകയായിരുന്നു കേരളത്തിന്റെ ഗോള്‍.
ഇതോടെ ഗ്രൂപ്പിലെ നാലു മത്സരങ്ങളും ജയിച്ച് കേരളം 12 പോയിന്റുകളുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. കേരളത്തോടു മാത്രം പരാജയപ്പെട്ട ബംഗാള്‍ ഒന്‍പതു പോയിന്റുകളുമായി രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ ചാണ്ഡീഗഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് തകര്‍ത്തത്. മൂന്നാം മത്സരത്തില്‍ മഹാരാഷ്ര്ടയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമി ഉറപ്പാക്കുകയും ചെയ്തു.
നാളെ നടക്കുന്ന ബി ഗ്രൂപ്പിലെ മത്സരങ്ങള്‍ പൂര്ത്തിയായല് മാത്രമേ സെമിഫൈനല്‍ ലൈനപ്പ് പൂര്‍ണമാകുകയുള്ളു. നാളത്തെ മത്സരത്തില്‍ മിസോറാം കര്‍ണാടകയേയും പഞ്ചാബ് ഗോവയെയും നേരിടും. നാലു ടീമുകളും സെമിയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരു മത്സരങ്ങളും നിർണായകമാണ്.






