
കൊച്ചി : ഒരു കണ്ണിനു മാത്രം കാഴ്ചയുള്ളവര്‍ക്കും നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ്. ഇത്തരക്കാരുടെ മറ്റേ കണ്ണിന്റെ കാഴ്ച ശക്തി വിലയിരുത്തിയാണ് ലൈസന്‍സ് അനുവദിക്കുക.
ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവു ചെയ്യുന്ന സര്‍ക്കുലര്‍ സംസ്ഥാനത്ത് ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ഭിന്നശേഷിക്കാന്‍ നേരിടുന്ന പ്രധാന പ്രശ്നം യാത്രാ സൗകര്യം ഇല്ലായ്മയാണെന്ന കാര്യം മുന്‍നിര്‍ത്തിയാണ് ഈ ഇളവ്. കേള്‍വിശക്തി കുറഞ്ഞവര്‍, കാലിനോ കൈക്കോ ശേഷിക്കുറവുള്ളവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ കുറിച്ചും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അതിനായി ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ കഴിയുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെടണം.
കേള്‍വി ശക്തി കുറവുള്ളവര്‍ ഓടിക്കുന്ന വാഹനത്തില്‍ അക്കാര്യം സൂചിപ്പിക്കുന്ന ചിഹ്നം ഒട്ടിക്കണം. കൈകാലുകള്‍ക്ക് ശേഷിക്കുറവുള്ളവര്‍ക്ക് ഓര്‍ത്തോപീഡിക്/മെഡിസില്‍ ആന്റ് റീഹാബിലിറ്റേഷന്‍ സര്‍ജന്റെ നിര്‍ദേശ പ്രകാരമുള്ള മാറ്റം വരുത്തിയ വാഹനം ഓടിക്കാം. ഇതിനായി ആവശ്യത്തിന് അനുസരിച്ച് മാറ്റം വരുത്തി രജിസ്റ്ററിങ് അതോറിറ്റി അംഗീകരിച്ചതോ, അത്തരം സൗകര്യങ്ങളോടെ കമ്പനി ഇറക്കുന്നതോ ആയ വാഹനം അപേക്ഷന് ടെസ്റ്റിന് കൊണ്ടു വരണം. പൂര്‍ണ്ണ നിയന്ത്രണത്തോടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് അപകടം വരുത്താതെയും ഓടിക്കാനാകുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് നല്‍കാം.
മാര്‍ച്ച 14 നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ടെസ്റ്റ് സമയത്ത് ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. കൂടുതല്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമായി ഒരു ദിവസം ടെസ്റ്റ് നടത്താം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആറുമാസത്തില്‍ ഒരിക്കല്‍ ലേണേഴ്സ്/ലൈസന്‍സ് ടെസ്റ്റ് നടത്തണം.






