വയനാട്: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി ഭൂമാഫിയക്ക് പതിച്ചുനല്കുന്നതിലെ മുഖ്യ കണ്ണിയായ ജില്ലാ സെക്രട്ടറിയെ നീക്കി മുഖം രക്ഷിക്കാന്‍ സി.പി.ഐ. ഭരണ സ്വാധീനം ഉപയോഗിച്ച് ഭൂമാഫിയക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തിരുന്ന സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകര തിങ്കളാഴ്ച ഒരു ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയിരുന്നു. വിവാദം തണുക്കുന്നത് വരെ വിജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി മുഖം രക്ഷിക്കാനാണ് സി.പി.ഐ നീക്കം.
കെ. രാജന് എം.എല്‍.എയ്ക്ക് ജില്ലാ സ്വെകട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയേക്കും. സംസ്ഥാന നേതാവ് സത്യന് മൊകേരി പങ്കെടുക്കുന്ന ജില്ലാ എക്സിക്യൂട്ടീവില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
വയനാട്ടിലെ മിച്ചഭൂമി സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ സഹായത്തോടെ സ്വകാര്യ ഭൂമാഫിയക്ക് പതിച്ചു കൊടുക്കുകയാണ് സംഘം ചെയ്യുന്നത്. വിജയന് ചെറുകരയും ഉദ്യോഗസ്ഥ സംഘവും ചേര്‍ന്നാണ് ഭൂമി കൊള്ള നടത്തുന്നത്. ഇതിനായി ലക്ഷങ്ങളാണ് സംഘം കൈക്കൂലി വാങ്ങുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു.






