
മാവേലിക്കര: റേഡിയോ ജോക്കി രാജേഷിനെ വകവരുത്തിയ സംഘവുമായി ബന്ധമുള്ള കായംകുളം സ്വദേശി അപ്പുണ്ണി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതി. കായംകുളം പോലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
കായംകുളം രണ്ടാംകുറ്റി സ്വദേശിയായ അപ്പുണ്ണി ദീര്‍ഘനാളായി മാവേലിക്കരയും കായംകുളവും കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ ഭാഗമായിരുന്നു. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ലിജു ഉമ്മന്റെ സംഘവുമായി അടുത്തബന്ധമാണുള്ളത്. ഇയാള്‍ 2012ല്‍ മാവേലിക്കര കുറത്തികാട് കെന്നി എന്നു വിളിക്കുന്ന പ്രവീണിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയാണ് അപ്പുണ്ണി. മദ്യപിച്ചു കൊണ്ടിരുന്നപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവശേഷം ഒളിവില്‍ പോയ ഇയാളെ സംരക്ഷിച്ചത് ക്വട്ടേഷന്‍ സംഘങ്ങളായിരുന്നു. അന്ന് മാവേലിക്കര സി.ഐയായിരുന്ന ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ കറ്റാനത്ത് നിന്നാണ് ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്.
2014 ല്‍ കാപ്പാ ചുമത്തപ്പെട്ട് ജയിലിലായി. നൂറനാട്, കുറത്തികാട്, കായംകുളം, മാവേലിക്കര, കരീലക്കുളങ്ങര സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. പിന്നീട് വിദേശത്തേക്കു പോയ ഇയാള്‍ നാട്ടിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം നിലനിര്‍ത്തിയിരുന്നു.
ഇത് അറിയാമായിരുന്നയാളാണ് രാജേഷ് വധത്തിലെ പ്രധാന പ്രതി അലിഭായ്. രാജേഷിനെ കൊലപ്പെടുത്തുന്നതിന് അഞ്ചു ദിവസം മുമ്പ് തിരുവനന്തപുരത്തെത്തിയ അലിഭായ് അപ്പുണ്ണിയുമായി ബന്ധപ്പെട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മുമ്പ് കായംകുളത്തുണ്ടായിരുന്ന ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി കാര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി.
ഓച്ചിറ സ്വദേശിയായ അലിഭായി സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശിക്കുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ്. കൊലപാതകം മുഴുവന്‍ ആസൂത്രണം ചെയ്തതും അലിഭായി ആണ്.
നൃത്താപികയുമായുള്ള രാജേഷിന്റെ ബന്ധത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടപ്പാക്കാന്‍ അലിഭായി ഗള്‍ഫില്‍നിന്നെത്തിയത്. ക്വട്ടേഷന്‍ നടപ്പാക്കിയശേഷം അലിഭായി ഖത്തറിലേക്ക് കടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ക്വട്ടേഷന്‍ സംഘത്തെ സഹായിച്ച കായംകുളം സ്വദേശി അപ്പുണ്ണിയും സ്ഫടികവും ഒളിവിലാണ്. ഈ സാഹചര്യത്തില്‍ കേസ് ക്രൈം ബ്രാഞ്ചിനു െകെമാറിയേക്കും.






