
കൊച്ചി: ചെലവന്നൂര്‍ കായല്‍ കയ്യേറി നടന് ജയസൂര്യ നടത്തിയ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കായല്‍ തീരം കയ്യേറി ജയസൂര്യ നിര്‍മ്മിച്ച ബോട്ട് ജെട്ടി ഇന്നലെ കൊച്ചി കോര്പറേഷന് പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ ചുറ്റുമതില്‍ പൊളിക്കുന്നതിന് എതിരെ ജയസൂര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് സ്റ്റേ അനുവദിച്ചത്.
കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ജയസൂര്യ നല്കി ഹര്‍ജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഇതോടെയാണ് കായല്‍ തീരം കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലുമാണ് പൊളിച്ചുനീക്കാന്‍ കോര്പറേഷന് തീരുമാനിച്ചത്.
കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്പറേഷന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു ജയസൂര്യ ട്രൈബ്യൂണലിന് അപ്പീല്‍ നല്‍കിയത്.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടവും ലംഘിച്ചാണ് ജയസൂര്യ കൊച്ചുകടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത് ചെലവന്നൂര്‍ കായല്‍ പുറമ്പോക്ക് ഭൂമി കയ്യേറിയാണെന്നായിരുന്നു ആരോപണം. നിര്‍മ്മാണത്തിന് കോര്പറേഷന് അധികൃതര്‍ ഒത്താശ ചെയ്തുവെന്നും ആരോപണമുയര്‍ന്നിരുന്നു.
കായല്‍ കയ്യേറ്റത്തില്‍ ജയസൂര്യയെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.





