ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഞായറാഴ്ച ഇന്ത്യയ്ക്ക് നേട്ടത്തിന്റെ ദിനം. വനിതകളുടെ ടേബിള്‍ ടെന്നീസ് ടീമിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍. ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. മെഡല്‍ പട്ടികയില്‍ ആതിഥേയരായ ഓസ്ട്രേലിയയും ഇംണ്ടും കാനഡയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ടേബിള്‍ ടെന്നീസില്‍ സിംഗപ്പൂരിനെ അട്ടിമറിച്ചാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്കോര്‍ 3-1. മാണിക്യ ബത്ര, മൗമ ദാസ്, മധുരിക പട്കര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.
ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഭാരോദ്വഹനത്തില്‍ പൂനം യാദവാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ സ്വര്‍ണവും ഇതേ വിഭാഗത്തില്‍ ഹീന സിദ്ദു വെള്ളിയും നേടി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ രവികുമാര്‍ വെങ്കലവും പുരുഷ വിഭാഗം 94 കിലോഗ്രാം വിഭാഗം ഭാരദ്വഹനത്തില്‍ വികാസ് താക്കൂര്‍ വെങ്കലവും നേടി. വനിതാ വിഭാഗം ബോക്സിങ്ങില്‍ 45-48 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ പ്രവേശിച്ച മേരി കോമും മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തില്‍ സതീഷ് ശിവലിംഗവും 85 കിലോഗ്രാം വിഭാഗത്തില്‍ രാഹുല്‍ രാഗലയും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു.






