
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി അലിഭായി കുറ്റം സമ്മതിച്ചു. വിദേശത്തുള്ള രാജേഷിന്റെ സുഹൃത്തായ നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കുടുംബജീവിതം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അലിഭായ് പോലീസിന് മൊഴി നല്കി. ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പോലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് അലിഭായി കുറ്റം സമ്മതിച്ചത്.
ക്വട്ടേഷന്‍ നല്‍കിയത് നൃത്താദ്ധ്യാപികയുടെ വിദേശത്തുള്ള ഭര്‍ത്താവ് അബ്ദുള്‍ സത്താറാണെന്നു അലിഭായി പോലീസിനോട് പറഞ്ഞു. രാജേഷും ഖത്തറിലെ നൃത്താദ്ധ്യാപികയും തമ്മിലുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് നേരത്തേ തന്നെ പോലീസിന് വ്യക്തമായിരുന്നു. അബ്ദുള്‍ സത്താറുമായുള്ള വിവാഹത്തിന് പിന്നാലെയാണ് നൃത്താദ്ധ്യാപിക രാജേഷുമായി അടുക്കുന്നത്. തനിക്ക് രാജേഷുമായി സൗഹൃദത്തിനപ്പുറത്തെ അടുപ്പം ഉണ്ടായിരുന്നെന്നും അയാള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നതായും കഴിഞ്ഞയാഴ്ചയാണ് നൃത്താദ്ധ്യാപിക ഒരു എഫ്എം റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
തങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഖത്തറില്‍ രാജേഷ് ജോലി ചെയ്തിരുന്ന സ്ഥലത്ത് പരാതി നല്‍കുകയും എട്ടുമാസം മുമ്പ് രാജേഷിനെ സ്ഥാപനം പുറത്താക്കുകയും ചെയ്തു. ഒരു കുടുംബസ്ഥന് ആയിരുന്നതിനാല്‍ ഖത്തറില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുപോന്നു കഴിഞ്ഞും താന്‍ സമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നതായും യുവതി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ താന്‍ രാജേഷുമായി സംസാരിക്കുകയായിരുന്നു എന്നും അക്രമത്തെ തുടര്‍ന്ന് ഇരയുടെ അവസാന കരച്ചില് താന്‍ കേട്ടതായും ഇവര്‍ മൊഴി നല്‍കിയിരുന്നു.
''കൊല്ലരുതേ,'' എന്ന രാജേഷിന്റെ രോദനം മൊബൈല്‍ ഫോണിലൂടെ കേട്ടെന്നും ഞെട്ടിപ്പോയ അവര്‍ പെട്ടെന്ന് തന്നെ കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസാണ് ഒടുവില്‍ അയാള്‍ മരിച്ച വിവരം നൃത്താദ്ധ്യാപികയെ വിളിച്ച് അറിയിച്ചത്. കൊലയ്ക്കു പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തി. മൂന്ന് മാസം മുമ്പ് ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. തങ്ങളെ ഇനി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നാണ് ആലപ്പുഴയിലെ മാതാപിതാക്കളും പറഞ്ഞിട്ടുള്ളത്. എന്നാല്‍ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് താന്‍ പിന്തുടന്നതെന്നും ഇവര്‍ പറയുന്നു.
മൂന്ന് മാസം മുമ്പ് ഭാര്യയുമായുള്ള വിവാഹബന്ധം വിചേ്ഛദിച്ച് പെണ്‍മക്കള്‍ക്കൊപ്പം കഴിയുകയാണ് താനെന്നും വ്യവസായി അഭിമുഖത്തില്‍ പറയുന്നതും പുറത്തു വന്നിട്ടുണ്ട്. രാജേഷിന് സ്റ്റുഡിയോ തുടങ്ങാന്‍ സഹായം നല്കിയ യുവതി അയാള്‍ക്ക് ചെന്നൈയില്‍ ജോലി ശരിയാക്കി കൊടുത്ത് രാജേഷ് അവിടേയ്ക്ക് പോകാനിരിക്കെയാണ് ആക്രമിക്കപ്പെട്ടത് എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഖത്തറില്‍ നൃത്താദ്ധ്യാപികയുടെ ഡ്രൈവറായിരിക്കെ തുടങ്ങിയ പ്രണയമാണ് സത്താറും യുവതിയും തമ്മിലുള്ള വിവാഹത്തില്‍ കലാശിച്ചത്. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായ ശേഷമായിരുന്നു യുവതി രാജേഷുമായി ബന്ധം തുടങ്ങിയത്.






