
കൊല്ലം: റേഡിയോജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ഒരു വാളും അറ്റം വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവും അലിഭായിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളിക്കടുത്ത കണ്ണേറ്റി പാലത്തിനടുത്തു നിന്നുമാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ഖത്തറിലേക്ക് മുങ്ങിയ മുഖ്യപ്രതി അലിഭായിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
രാജേഷിനെ കൊലപ്പെടുത്തിയ ശേഷം കൊല്ലത്ത് ആയുധം ഉപേക്ഷിച്ചു പിന്നീട് നേപ്പാളിലൂടെ ഖത്തറിലേക്കു മടങ്ങുകയായിരുന്നെന്നാണ് അലിഭായി പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഖത്തര്‍ അധികൃതരിലും ഇന്റര്‍പോളിലും ഇടപെട്ട് സമ്മര്ദ്ദമുണ്ടാക്കിയതിന്റെ ഭാഗമായി ഇന്നലെ ഖത്തറില്‍ നിന്നും കേരളത്തില്‍ എത്തിയതിന് പിന്നാലെ അലിഭായിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അലിഭായിയുമായി പോലീസ് തെളിവെടുപ്പ് തുടങ്ങിയിരിക്കുന്നത്.
രാജേഷിന്റെ കയ്യും കാലും മുറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും പറഞ്ഞു. കയ്യും കാലും വെട്ടിമാറ്റാന്‍ രണ്ടു ലക്ഷത്തിന്റെ ക്വട്ടേഷനാണ് ഏറ്റെടുത്തതെന്നും നല്‍കിയത് രാജേഷിന്റെ ഖത്തറിലുള്ള വനിതാസുഹൃത്തിന്റെ മുന്‍ ഭര്‍ത്താവ് സത്താര്‍ ആണെന്നും കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും അലി ഇന്നലെ മൊഴി കൊടുത്തിരുന്നു.
കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിനെ അറിയിച്ചിരുന്നെന്ന് അലിഭായി പറഞ്ഞു. ആക്രമണത്തിനായി നാട്ടിലേക്കു പോകാന്‍ വിമാനടിക്കറ്റ് സംഘടിപ്പിച്ചതും സത്താറായിരുന്നു. സത്താറിന്റെ ഭാര്യയും ഖത്തറില്‍ നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷ് ബന്ധം പുലര്‍ത്തിയിരുന്നു. സത്താര്‍ പലതവണ വിലക്കിയിട്ടും രാജേഷ് പിന്മാറിയില്ല. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടും സത്താറിനെ പ്രകോപിപ്പിച്ചു. അതോടെ ദാമ്പത്യബന്ധം തകര്‍ന്നു. തുടര്‍ന്നാണ് തനിക്കു ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി വെളിപ്പെടുത്തി.
ക്വട്ടേഷനുവേണ്ട കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഖത്തറിലെ വ്യവസായി സത്താര്‍ നല്‍കിയത് ഉള്‍പ്പെടെ കൊലപാതകത്തിന്റെ ആസൂത്രണം സിനിമാക്കഥകളെ വെല്ലുന്ന രീതിയിലായിരുന്നു. ക്വട്ടേഷന്‍ നടപ്പാക്കുന്നതിന് ഒരാഴ്ചമുമ്പ് അലിഭായി നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിമാനമിറങ്ങി. അവിടെനിന്നു ബംഗളുരുവിലെത്തി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു. വിശ്വസ്തനായ കായംകുളം അപ്പുണ്ണിയെ ബംഗളുരുവിലേക്കു വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. അപ്പുണ്ണിയുടെ അടുത്ത സുഹൃത്തായ കൊല്ലം ഓച്ചിറ സ്വദേശി തന്‍സീറിനെയും ബംഗളുരുവിലേക്കു വിളിച്ചുവരുത്തി.
പിന്നീട് ട്രെയിനില്‍ ആലപ്പുഴയിലെത്തി. വാട്ട്സ് ആപ്പ് വഴി മാത്രം പരസ്പരം ബന്ധപ്പെട്ടാല്‍ മതിയെന്ന് അലിഭായി നിര്‍ദേശിച്ചിരുന്നു. അടൂരില്‍നിന്ന് തരപ്പെടുത്തിയ സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ച് രാജേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇതിനിടെ, കായംകുളം അപ്പുണ്ണി ഡോക്യുമെന്ററി നിര്‍മാണത്തിനു സഹായം അഭ്യര്ഥിക്കാനെന്ന വ്യാജേന രാജേഷിനെ നേരില്‍ കാണുകയും ചെയ്തു. തുടര്‍ന്നാണു ക്വട്ടേഷന്‍ നടപ്പാക്കിയത്.






