
ആറ്റിങ്ങല്‍: മുന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നു. കൊലപാതകത്തിനായുള്ള ആസൂത്രണമെല്ലാം നടന്നത് ഖത്തറിലാണെന്നും രാജേഷിന്റെ സുഹൃത്ത് നൃത്താദ്ധ്യാപികയുടെ മുന്‍ ഭര്‍ത്താവ് സത്താറായിരുന്നു പദ്ധതി തയ്യാറാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്. കൃത്യം നടത്താന്‍ ആദ്യം വിസമ്മതിച്ച അലിഭായി എന്ന സാലിഹ് ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന സത്താറിന്റെ വാഗ്ദാനത്തില്‍ വീണുപോകുകയായിരുന്നു.
ഭാര്യ വിട്ടുപോയതും രാജേഷിനോട് അടുക്കുന്നതും സഹിക്കാന്‍ കഴിയാത്ത സത്താര്‍ രാജേഷിനെ വകവരുത്തുന്ന കാര്യം ആദ്യം ചര്‍ച്ച ചെയ്തതും സാലിഹുമായിട്ടാണ്. ആദ്യം തയ്യാറാകാതിരുന്ന സാലിഹ് പാര്‍ട്ണറാക്കാമെന്നും സുരക്ഷിതമായി കേരളത്തില്‍ പോയിവരാന്‍ അവസരമൊരുക്കാമെന്നുമുള്ള സത്താറിന്റെ വാഗ്ദാനത്തില്‍ വീണു. തുടര്‍ന്ന് ഖത്തറിലായിരുന്നു ആസൂത്രണം മുഴുവന്‍ നടന്നത്. 27 ന് പുലര്‍ച്ചെ 1.30 ന് രാജേഷിനെ വെട്ടിക്കൊല്ലുന്നതിന്റെ തലേന്ന് സാലിഹും സഹായി അപ്പുണ്ണിയും കടയില്‍ എത്തി രാജേഷിന്റെ അന്നത്തെ പദ്ധതികള്‍ മുഴുവന്‍ മനസ്സിലാക്കിയിരുന്നു. അതില്‍ നിന്നുമാണ് രാത്രിയിലെ പരിപാടിയെക്കുറിച്ചും അതു കഴിഞ്ഞ് കടയില്‍ രാജേഷ് വരുമെന്നും മനസ്സിലാക്കിയെടുത്തത്.
ഷോര്‍ട്ട്ഫിലിം എടുക്കണമെന്ന് പറഞ്ഞായിരുന്നു മാര്‍ച്ച് 26 ന് ഉച്ചയോടെയാണ് ഇരുവരും രാജേഷിന്റെ കടയില്‍ എത്തിയത്. രാജേഷിനെ നേരിട്ടു കാണുകയും നിര്‍മ്മിക്കാനുള്ള പണവും നല്ല ഒരു കഥയും ഉള്ളതിനാല്‍ രാജേഷ് തന്നെ അത് ചെയ്തു തരണമെന്നു പറഞ്ഞായിരുന്നു ഇവര്‍ സമീപിച്ചത്. എന്നാല്‍ നാളെ ചെന്നൈയില്‍ ജോലിക്കായി പോകുകയാണെന്നായിരുന്നു രാജേഷിന്റെ മറുപടി. പരിചയമുള്ള ആള് വേണമെന്നതിനാല്‍ ആരെയെങ്കിലും ബന്ധപ്പെടുത്തി തരണമെന്ന് പറയുകയും രാജേഷിന്റെ ഫോണില്‍ നിന്നു തന്നെ ചിലരെ വിളിപ്പിക്കുകയും ചെയ്തു. രാത്രി പരിപാടിക്ക് പോയി മടങ്ങി ഇവിടെ തന്നെ വരുമെന്ന കാര്യവും ഇതിനിടയില്‍ സംഘം മനസ്സിലാക്കി. പിന്നീട് കൂട്ടുകാരന് സനുവിന്റെ വീട്ടിലേക്ക് മടങ്ങി.
രാജേഷ് പരിപാടി കഴിഞ്ഞു വരുന്നതിനായി കൊലയാളി സംഘം കാത്തിരിക്കുകയും ജംഗ്ഷനില്‍ പല തവണ കറങ്ങുകയും ചെയ്തു. ഒടുവില്‍ പുലര്‍ച്ചെ 1.30 യോടെ പരിപാടി കഴിഞ്ഞ് കടയില്‍ കൂട്ടുകാരന് കുട്ടനുമായി രാജേഷ് ഇരിക്കുമ്പോള്‍ സാലിഹും അപ്പുണ്ണിയും സ്വാതി സന്തോഷും ചേര്‍ന്ന് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ കുട്ടനെയും വെട്ടുകയും അയാള്‍ പേടിച്ചോടുകയും ചെയ്തു. തുടര്‍ന്ന് രാജേഷിനെ മൂന്നു പേരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഇന്ത്യയിലെ ഒരു വിമാനത്താവളം വഴിയും പോകുകയും വരികയും ചെയ്യരുതെന്ന് സത്താര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സാലിഹ് കേരളത്തിലേക്ക് പോകാനും വരാനുമായി കാഠ്മണ്ഡു വഴി യാത്ര തെരഞ്ഞെടുത്തത്. മാര്‍ച്ച് 15 നായിരുന്നു സാലിഹ് ഖത്തറില്‍ നിന്നും നേപ്പാളിലേക്ക് പോയത്. പിറ്റേന്ന് ബസില്‍ കാഠ്മണ്ഡുവില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കുകയും 18 ാം തീയതി ഡല്‍ഹിയില്‍ എത്തുകയുമായിരുന്നു. ഡല്‍ഹിയില്‍ നിന്നും അപ്പുണ്ണിയെ വിളിക്കുകയും പിന്നീട് അപ്പുണ്ണിയും സ്വാതി സന്തോഷുമായി ചേര്‍ന്ന് രാജേഷിനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. 19 ന് ബംഗലുരു എയര്‍പോര്‍ട്ടില്‍ എത്തിയ സാലിഹ് അപ്പുണ്ണിയുടെ നിര്‍ദേശപ്രകാരമാണ് വള്ളിക്കീഴിലെ സനുവിന്റെ വാടകവീട്ടില്‍ 24 ന് എത്തിയത്. അപ്പുണ്ണിയുടെ അഡ്മിനായ ചങ്ക്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സംഗമം എന്ന രീതിയില്‍ 25 ന് മദ്യപിച്ചും പാട്ടുപാടിയും ആഘോഷിച്ചു. 26 നാണ് മടവൂരിലെത്തി അപ്പുണ്ണിയും സനുവും സ്വാതി സന്തോഷും എത്തി രംഗ നിരീക്ഷണം നടത്തിയും പിന്നാലെ സാലിഹും അപ്പുണ്ണിയും കടയിലെത്തിയതും.
കൃത്യം നടത്തിയതിന് തൊട്ടുപിന്നാലെ സംഘം കാറില്‍ വള്ളിക്കീഴിലെ സനുവിന്റെ വീട്ടിലേക്കാണ് എത്തിയത്. അവിടെ നിന്നും ബംഗലുരുവിലേക്ക് പോയി. പിന്നീട് സാലിഹ് ഡല്‍ഹിയിലേക്കും പിന്നീട് നേപ്പാളിലേക്കും ഒടുവില്‍ ഖത്തറിലേക്കും മടങ്ങിയത്. കൊലയ്ക്കുശേഷം കായംകുളത്തേക്കു പോയ പ്രതികള്‍ ആയുധങ്ങള്‍ ചവറ പാലത്തിനു താഴെ കായലില്‍ കളയാന്‍ ശ്രമിച്ചിരുന്നെന്നും വീതി കുറഞ്ഞ കായലില്‍ കളയേണ്ടെന്നു സാലിഹ് പറഞ്ഞതിനെത്തുടര്‍ന്ന് കന്നേറ്റിക്കായലില്‍ ആയുധങ്ങളും വസ്ത്രങ്ങളും ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പോലീസിന് തുണയായത് കൊലപാതകികള്‍ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതാണ്. വെട്ടിപ്പരുക്കേല്‍പ്പിച്ച വെള്ളല്ലൂര്‍ സ്വദേശി കുട്ടന്റെ മൊഴിയില്‍ നിന്നാണ് കൊലയാളി സംഘം എത്തിയത് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാറിലാണെന്ന നിര്‍ണായക വിവരം ലഭിച്ചത്. സംഭവസ്ഥലം മുതല്‍ കാര്‍ പോയ വഴി കണ്ടെത്തുകയും കാര്‍ ഉടമയെ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് രണ്ടാഴ്ചകൊണ്ട് പ്രധാനപ്രതിയടക്കം അഞ്ചുപേരെ പിടികൂടാന്‍ കഴിഞ്ഞത്.
അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയത്ത് തെക്കേതില്‍ വീട്ടില്‍ തന്‍സീര്‍ (24), ശക്തികുളങ്ങര കുന്നിന്മേല് ചേരിയില്‍ ആലോട്ട് തെക്കതില്‍ വീട്ടില്‍ സനു (33), ഓച്ചിറ മേമന വലിയകുളങ്ങര എം.എ. കോട്ടേജില്‍ യാസിന് മുഹമ്മദ് (23), കുണ്ടറ ചെറുമൂട് എല്‍.എസ്. നിലയത്തില്‍ സ്ഫടികം സ്വാതി സന്തോഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ അപ്പുണ്ണി എന്ന രാജനും കൊലയ്ക്കു ക്വട്ടേഷന്‍ നല്കിയ വിദേശമലയാളി സത്താറുമാണ് പിടിയിലാകാനുള്ളത്. അപ്പുണ്ണിയും സത്താറും പിടിയിലായാല്‍ കേസിന്റെ പൂര്‍ണരൂപം വ്യക്തമാകും. സത്താറിനെയും ഭാര്യയേയും നാട്ടില്‍ എത്തിക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.






