ലഖ്നൗ: പതിനേഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്കി. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി മെയ് രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അലഹാബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ വിശദമായ അന്വേഷണം നടത്താനും എം.എല്‍.എയ്ക്ക് പുറമെ ജാമ്യം ലഭിച്ച മറ്റ് പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് എം.എല്‍.എയെ കസ്റ്റഡിയില്‍ എടുത്തുവെന്നും എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
പീഡനക്കേസില്‍ ആരോപണവധേയനായ എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്ത യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാഴാഴ്ച കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്തതെന്നും അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് കരുതേണ്ടി വരുമെന്നും അലഹാബാദ് ഹൈക്കോടതി പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു.






