
വാഷിംഗ്ടണ്‍: രാസായുധ ആക്രമണത്തില്‍ അനേകം കുട്ടികള്‍ക്ക് പരിക്കേറ്റ സിറിയയില്‍ സഖ്യസേന ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടും. അമേരിക്കയും, യുകെയും ഫ്രാന്‍സും ചേര്‍ന്ന സഖ്യം സിറിയയിലെ രാസായുധം സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞയാഴ്ചത്തെ രാസായുധ ആക്രമണത്തില്‍ സിറിയയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണം നടത്താന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.
ബാഷര്‍ അല്‍ അസദിന്റെ രാസായുധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പറഞ്ഞത്. യുദ്ധവിമാനങ്ങളും കപ്പലുകളും ആക്രമണത്തിനായി ഉപയോഗിക്കപ്പെട്ടതായി അമേരിക്കന്‍ പ്രതിരോധവിഭാഗവും സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ രാസായുധങ്ങളുടെ നിര്‍മ്മാണവും വ്യാപനവും ഉപയോഗവും തടയുന്നതിനുള്ള പ്രചരണം വ്യാപകമാക്കുകയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ലോകം ശീതയുദ്ധത്തിലേക്ക് കടക്കുന്നതായി യുഎന്‍ ആശങ്ക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണ വാര്‍ത്തകളും പുറത്തു വന്നിരിക്കുന്നത്. റഷ്യയും ആക്രമണത്തില്‍ പങ്കാളിയായേക്കും.
യുകെ പ്രധാനമന്ത്രി തെരേസാ മെയും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. രാസായുധം സിറിയയില്‍ പതിവായി മാറിയിട്ടുണ്ടെന്നും അത് യുകെ യിലെ തെരുവുകളില്‍ എന്നല്ല ലോകത്ത് ഒരിടത്തും അനുവദിക്കില്ലെന്നും തെരേസാ മെയ് പറഞ്ഞു. സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കറിലാണ് ആക്രമണം നടക്കുന്നത്. ഇവിടെ വന്‍ തോതില്‍ അനേകം സ്ഫോടനം നടക്കുന്നതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും ഭീമാകാരമായ രീതിയില്‍ പുകയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും യുകെയും ഫ്രാന്‍സും ആക്രമണം നടത്തുന്നതായി സിറിയന്‍ സ്റ്റേറ്റ് ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ നഗരമായ ഹോംസിലെ മുന്‍ മിസൈല്‍ കേന്ദ്രത്തില്‍ നാലു റോയല്‍ എയര്‍ഫോഴ്സ് ടൊര്‍ണാഡോ ജെറ്റുകളാണ് മിസൈലുകള്‍ക്ക് നേരെ വെടിയുണ്ട വര്‍ഷിക്കുന്നതെന്ന് പ്രതിരോധ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും അമേരിക്കയും ബ്രിട്ടനുമായി ചേര്‍ന്ന് ആക്രമണം സിറിയയില്‍ തുടങ്ങിയതായി വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞയാഴ്ച സിറിയന്‍ നഗരമായ ദുമായില് രാസായുധമെന്ന് സംശയിക്കുന്ന ആക്രമണം നടന്നതിന് പിന്നാലെ സിറിയ ചുവപ്പുവര മറികടന്നിരിക്കുയാണെന്നും ഇതിനുത്തരവാദി സിറിയന്‍ ഭരണകൂടമാണെന്ന് സംശയമില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ്ും പറഞ്ഞു. സിറിയ സ്വന്തം ജനതയ്ക്ക് നേരെ രാസായുധ പ്രയോഗം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണം തുടരാനാണ് അമേരിക്കയുടെ പദ്ധതി.






