
ന്യുഡല്‍ഹി: സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത മറനീക്കി പുറത്തുവന്നതോടെ അനുരഞ്ജന നീക്കവുമായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെതിരെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വറും കുര്യന് ജോസഫും ചീഫ് ജസ്റ്റീസിന് കത്തയച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ജസ്റ്റീസുമാരായ കുര്യന് ജോസഫിനെയും രഞ്ജന്‍ ഗോഗോയിനെയുമാണ് ജസ്റ്റീസ് ദീപക് മിശ്ര ബുധനാഴ്ച കണ്ടത്.
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ചീഫ് ജസ്റ്റീസ് ഇരുജഡ്ജിമാരെയും അറിയിച്ചു. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സുപ്രീം കോടതി വളപ്പിലെ ജംനേഷ്യം ഉദ്ഘാടനവേളയിലാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ജസ്റ്റീസുമാരായ ജെ.ചെലമേശ്വരും മദന്‍ ബി ലോകൂറും പങ്കെടുത്തില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചൊവ്വാഴ്ച ചീഫ് ജസ്റ്റീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇരുവരേയും ചീഫ് ജസ്റ്റീസ് അറിയിച്ചുവെന്നാണ് സൂചന. ലോക്പാല്‍ സെലക്ഷന് കമ്മിറ്റി യോഗത്തിനിടെയാണ് മോഡിയുമായി ചീഫ് ജസ്റ്റീസ് ചര്‍ച്ച നടത്തിയത്.
ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിലെ അംഗങ്ങളാണ് ജസ്റ്റീസുമാരായ കുര്യന് ജോസഫും രഞ്ജന്‍ ഗോഗോയും. സുപ്രീം കോടതിയിലേക്ക് രണ്ട് പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയം മൂന്നു മാസം മുന്‍പ് ശിപാര്‍ശ നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്തതില്‍ ജസ്റ്റീസ് കുര്യന് ജോസഫ് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിന് അയച്ച കത്തിലാണ് സുപ്രീം കോടതിയുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് വ്യക്തമാക്കികൊണ്ട് കത്തയച്ചത്.
കേസുകളുടെ വിഭജനവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസുമായി നിലനിന്ന അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഈ നാലു ജഡ്ജിമാരും ജനുവരിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായിരുന്നു. കോടതിയ്ക്കുള്ളില്‍ പുകഞ്ഞിരുന്ന വിയോജിപ്പ് പുറത്തുവന്ന സംഭവമായിരുന്നു അത്. കര്‍ണാടക ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ജെ.ചെലമേശ്വര്‍ പരസ്യമായി വിമര്‍ശനം നടത്തിയിരുന്നു. ചീഫ് ജസ്റ്റീസിന്റെ അധികാരവുമായി ബന്ധപ്പെട്ട ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കുന്നതിനിടെയും ജസ്റ്റീസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റീസിനെതിരെ ഒളിയമ്പ് എയ്തിരുന്നു.






