
ഗോള്‍ഡ്കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേഹ്വാളിന് സ്വര്‍ണ്ണം. ഇന്ത്യന്‍ ഫൈനലിന് കളമൊരുങ്ങിയതില് പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന സ്വര്‍ണ്ണം നേടിയത്. സൈനയോട് പരാജയപ്പെട്ട സിന്ധുവിന് വെള്ളി ലഭിച്ചു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 26 ആയി.
ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള സിന്ധുവിനെ അട്ടിമറിച്ചാണ് പത്താം സ്ഥാനത്തുള്ള സൈന സ്വര്‍ണ്ണം നേടിയത്. 21-18 എന്ന സ്കോറില്‍ ആദ്യ സെറ്റും 23-21 നു രണ്ടാം സെറ്റും സ്വന്തമാക്കിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ എതിരാളിയെ തറപ്പറ്റിച്ചത്.
സ്കോട്ട്ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ തോല്‍പ്പിച്ചാണ് സൈന ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പി.വി സിന്ധു അവസാന പോരാട്ടത്തില്‍ ഇന്ത്യന്‍ ഫൈനലിന് കളമൊരുക്കിയത്.






