
ചെന്നൈ : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മുന്‍ ചീഫ് സെക്രട്ടറി പി.രാമമോഹന റാവു തെറ്റായ വിവരം നല്‍കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആരോപിച്ചു. ആരെയൊക്കെയോ രക്ഷിക്കാന്‍ റാവു ശ്രമിക്കുകയാണെന്നും അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, അത് ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ പളനിസാമി തയ്യാറായില്ല. ഏതാണ്ട് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം 2016 ഡിസംബര്‍ 16ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ജയലളിത അന്തരിച്ചത്.
പിന്നീട് അവരുടെ മരണത്തെ ചൊല്ലി വിവാദങ്ങളും ഉണ്ടായി. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷനേയും തമിഴ്നാട് സര്‍ക്കാര്‍ നിയമിച്ചിരുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പളനിസാമി അറിയിച്ചു. കാവേരി പ്രശ്നം ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ പരിഹരിക്കാനാവുന്നതല്ലെന്നും പളനിസാമി പറഞ്ഞു.






