ശ്രീനഗര്‍: കത്വവ പീഡനത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ വിചാരണ ജമ്മു കശ്മീരീന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. സംസ്ഥാനത്തിന്റെ നിലപാട് ഈ മാസം 27നകം അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഏറെ വിവാദമായ കേസ് ഛണ്ഡീഗഡിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടന്ന് പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ പോലീസിന്റെ ക്രൈം ബ്രാഞ്ച് തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. കത്വവ കേസിലെ വാദം ഇന്ന് ആരംഭിച്ചുവെങ്കിലും വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചതോടെയാണ് വിചാരണ 28ലേക്ക് മാറ്റിയത്.
പ്രതികളിലൊരാള്‍ പ്രായാപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. ഇയാള്‍ക്കായി പ്രത്യേകം കോടതി രൂപീകരിച്ച് വിചാരണ നടത്തും. ബാലാവകാശ നിയമമനുസരിച്ചായിരിക്കും വിചാരണ. മറ്റ് പ്രതികളുടെ വിചാരണ സെഷന്‍സ് കോടതിയില്‍ തന്നെ നടക്കാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യതയുള്ളത്. പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യത്തോട് കോടതി അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനാകൂ. കേസ് നടത്തിപ്പിനായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.
സത്വവ ബലാത്സംഗം ഹിന്ദു മുസ്ലീം ചേരിതിരിവ് എന്ന നിലയിലേക്ക് വരെ മാറിയ സാഹചര്യത്തില്‍ നിഷ്പക്ഷത ഉറപ്പാക്കുന്നതിന് സിഖ് വംശജരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചിരിക്കുന്നത്. ബ്രാഹ്മണ ഭൂരിപക്ഷ മേഖലയില്‍ നിന്ന് മുസ്ലീം നാടോടി കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കുന്നതിന് വേണ്ടിയാണ് എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്.






