കോട്ടയം: കത്വവ സംഭവത്തില്‍ പ്രതിഷേധ സൂചകമായി ചിത്രം വരച്ച അധ്യാപികയ്ക്ക് വധഭീഷണി. ചിത്രകാരി കൂടിയായ അധ്യാപിക ദുര്‍ഗ മാലതിക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടക്കുന്നത്. ചിത്രവും അതോടൊപ്പം നല്‍കിയിരിക്കുന്ന കവിതയും പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി.
ബലാത്സംഗവും കൊലപാതകവും വാര്‍ത്ത ആയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ചിത്രം വരച്ചതെന്ന് മാലതി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. ലിംഗത്തിന് പുറത്ത് ഒരു കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. അതിന് മുകളില്‍ ഒരു കുറിയുണ്ട്. പൂണൂലും ഇട്ടിരിക്കുന്നു. അത് നന്നായി ഷെയര്‍ ചെയ്യപ്പെട്ടു. അതിന് തുടര്‍ച്ചയായി ലിംഗമുള്ള ത്രിശൂലം വരച്ചു. നാടോടികളെ ഓടിക്കുന്നതിന് കുട്ടിയെ റേപ്പ് ചെയ്യുവെന്നാണല്ലോ. അത് ഷെയര്‍ ചെയ്തവരേയും അവര്‍ വെറുതെ വിടുന്നില്ലെന്നും മാലതി പറഞ്ഞു.
കത്വവയില്‍ ക്രൂരാമയ പീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുക മാത്രമായിരുന്നു ലക്ഷ്യം. ലിംഗത്തില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ടതായിട്ടായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ ഹൈന്ദവ ചിഹ്നങ്ങള്‍ ഉള്‍പ്പെട്ടതാണ് ചിലരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്നാണ് ഭീഷണി സന്ദേശങ്ങളും കമന്റുകളും വരാന്‍ തുടങ്ങിയത്. മലയാളി പ്രൊഫൈലുകളില്‍ നിന്നുമാണ് ഭീഷണി ആരംഭിച്ചത്. പിന്നീട് ഉത്തരേന്ത്യന്‍ പേരുകാരുടെ പ്രൊഫൈലുകളില്‍ നിന്നും ഭീഷണിയും അസഭ്യവും വരുന്നുണ്ട്.
ദുര്‍ഗയുടെ ഫോട്ടോ വച്ച് ഇംഗ്ലീഷിലും ഇന്ത്യയിലെ മറ്റ് പ്രദേശിക ഭാഷകളിലും പോസ്റ്റര്‍ പ്രചരണവും നടക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ട്. അതേസമയം ഭീഷണി ഭയന്ന് പിന്മാറില്ലെന്ന് ദുര്‍ഗ മാലതി പറഞ്ഞു. തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധം ഉയരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.






