
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കേസിലെ പ്രധാന പ്രതിയായ അപ്പുണ്ണി കൊലപാതകത്തിന്റെ പ്രധാന ഗൂഢാലോചനക്കാരനാണെന്നാണ് പോലീസ് കണ്ടെത്തിയിരുന്നു. ഖത്തറില്‍ നിന്നും നാട്ടിലെത്തിയ കേസിലെ മറ്റൊരു പ്രതിയായ അലിഭായിക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കിയതും രാജേഷിന്റെ വിവരങ്ങള്‍ നല്കിയതും അപ്പുണ്ണിയാണ്.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. കൊലയാളികള്‍ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചതും സംഘത്തിനു താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായ അപ്പുണ്ണി രാജേഷിന്റെ കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയെല്ലാം പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തപ്പോഴും അപ്പുണ്ണി ഒളിവില്‍ തുടരുകയായിരുന്നു.
രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ സത്താര്‍ എന്നയാളെയാണ് ഇനി കേസില്‍ പിടികൂടാനുള്ളത്. ഖത്തറിലുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് തുടരുകയാണ്.






