ന്യൂഡല്‍ഹി: കത്വവ സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടി ബി.ജെ.പി വിട്ടു. പ്രശസ്ത ബോളിവുഡ് നടി മല്ലിക രാജ്പുത് ആണ് പാര്‍ട്ടി വിട്ടത്. ബലാത്സംഗികളെയും കുറ്റവാളികളേയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്ന് മല്ലിക കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ വര്ഗീയവല്ക്കരിക്കുന്നു എന്നാരോപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ബി.ജെ.പിയുടെ ഭാഗമാകാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ബലാത്സംഗികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നിരന്തരം ശ്രമിക്കുകയാണ്. ഇരകള്‍ക്ക് അതിവേഗം നീതി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുകയും ബലാത്സംഗികളെ തൂക്കിലേറ്റാന്‍ ശ്രമിക്കുന്നതിന് പകരം. ഹിന്ദു-മുസ്ലീം വിരോധം വര്‍ധിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മല്ലിക കുറ്റപ്പെടുത്തി. അതിനാല്‍ ഇനി ഒരു നിമിഷം പോലും ആ പാര്‍ട്ടിയുടെ ഭാഗമാകാനില്ല-മല്ലിക പറഞ്ഞു.
യു.പിയിലെ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മല്ലിക 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.






