
മുംബൈ: പഞ്ചായത്തിലെ മരാമത്ത് പണികളുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കോടതി എഞ്ചിനീയര്‍ക്ക് എതിരേ വിധിച്ചത് 85 ലക്ഷം രൂപ പിഴയും പത്തുവര്‍ഷം തടവും.
അശോക് കേശവ്റാവു മുണ്ഡേ എന്ന എഞ്ചിനീയര്ക്കെതിരേയാണ് നടപടി. പിഴ അടയ്ക്കാത്ത സാഹചര്യം ഉണ്ടായാല്‍ നാലു വര്‍ഷം കൂടി ഇയാള്‍ക്ക് ജയലില്‍ കിടക്കേണ്ടി വരും. രാജ്യത്ത് ഉണ്ടായിരിക്കുന്ന സ്പെഷ്യല്‍ കോടതി ചുമത്തിയിരിക്കുന്ന ഏറ്റവും വലിയ പിഴയാണ് ഇത്.
ശ്രീറാംപൂര്‍ പഞ്ചായത്ത് സമിതിയുമായി ബന്ധപ്പെട്ട അശോക് 2016 മെയ് 4 നാണ് ഒന്നര ലക്ഷം കൈക്കൂലി വാങ്ങുന്നത് കയ്യോടെ പിടികൂടപ്പെട്ടത്്. ഒരു ബില്ല് പാസ്സാക്കി കൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ചെക്കാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പണം നല്‍കാമെന്നും അതിന് അഹമ്മദ് നഗര്‍ ജില്ലാപരിഷത് ഗസ്റ്റ് ഹൗസില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ മുണ്ടേയെ അധികൃതര്‍ കയ്യോടെ പിടികൂടി. അഴിമതി നിരോധന നിയമമാണ് ചുമത്തപ്പെട്ടത്. 2016 സെപ്തംബര്‍ 2 ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
വെള്ളിയാഴ്ച അഹമ്മദ്നഗര്‍ സെഷന്‍സ് ജഡ്ജി എസ് യു ബഗലേയാണ് മുണ്ടേയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. പദവി ദുരുപയോഗം ചെയ്ത് ക്രിമിനല്‍ നടപടിക്ക് ഉപയോഗിച്ചെന്ന കുറ്റത്തിന് 50 ലക്ഷം രൂപ പിഴയും ഏഴു വര്‍ഷം തടവും കൈക്കൂലി വാങ്ങിയതിന് 35 ലക്ഷം പിഴയും ഏഴു വര്‍ഷം തടവുമാണ് ചുമത്തിയത്. പിഴയടയ്ക്കാത്ത സാഹചര്യം ഉണ്ടായാല്‍ മറ്റൊരു നാലു വര്‍ഷം കൂടി തടവില്‍ കഴിയണം.






