ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ തനിക്കെതിരായി നടത്തുന്ന ഇംപീച്ച്മെന്റ നീക്കം ഗൗനിക്കാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. നിലവിലെ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സുപ്രീം കോടതി രജിസ്ട്രി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ആധാര്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ചീഫ് ജസ്റ്റസിന്റെ ബെഞ്ച് തന്നെ പരിഗണിക്കും. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി സെക്ഷന്‍ 377 ഒഴിവാക്കണമെന്ന ഹര്‍ജിയാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുന്ന മറ്റൊരു കേസ്.
അയോധ്യ കേസും, കത്വവ കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയും ചീഫ് ജസ്റ്റിസ് പരിഗണിക്കും. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്നു. വ്യത്യസ്ത മതവിഭാഗക്കാരനെ വിവാഹം ചെയ്താല്‍ പാഴ്സി യുവതികള്‍ മതത്തില്‍ നിന്ന് പുറത്താക്കപ്പെടുമോ എന്ന് തീരുമാനിക്കുന്നതിനള്ള നിര്‍ണ്ണായക ഹര്‍ജിയും ഇതേ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം. 71 പ്രതിപക്ഷ എം.പിമാര്‍ ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. ഉപരാഷ്ട്രപതി അനുവദിച്ചാല്‍ മാത്രമേ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാകൂ. ഉപരാഷ്ട്രപതിക്ക് തന്റെ തീരുമാനം വൈകിപ്പിക്കുകയോ നോട്ടീസ് തള്ളുകയോ ചെയ്യാം. അതേസമയം ഇംപീച്ച്മെന്റ് നീക്കത്തോട് പ്രതിപക്ഷ നിരയില്‍ തന്നെ യോജിപ്പില്ല. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടക്കമുള്ളവര്‍ ഇംപീച്ച്മെന്റ് നോട്ടീസില്‍ ഒപ്പിട്ടിട്ടില്ല.
അതേസമയം പ്രതിപക്ഷം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ പരിഗണിക്കുന്നതിന് മുന്‍പ് പ്രതിപക്ഷം മാധ്യമങ്ങള്‍ക്ക് പകര്‍പ്പ് നല്‍കിയത് ചട്ടലംഘനമാണെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.






