ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി നിയമവിരുദ്ധവും തിടുക്കത്തിലുള്ളതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. ഉപരാഷ്ട്രപതിയുടെ ഉത്തരവ് മുന്‍മാതൃകകളില്ലാത്തതാണ്. കൂടാതെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസിന്റെ മെറിറ്റ് തീരുമാനിക്കാന്‍ ഉപരാഷ്ട്രപതിക്ക് അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ചീഫ് ജസ്റ്റിസിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. രാജ്യസഭാ അധ്യക്ഷന്‍ നല്കുന്ന നോട്ടീസ് രഹസ്യരേഖയാണ്. എന്നാല്‍ ഇത് ലംഘിച്ച് വാര്‍ത്താ സമ്മേളനത്തില്‍ നോട്ടീസ് ഉയര്‍ത്തിക്കാട്ടുകയും മാധ്യമങ്ങള്‍ക്ക് പകര്‍പ്പ് നല്‍കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നീക്കം നടത്തുന്നത്. കഴിഞ്ഞ ആഴ്ച നല്കിയ ഇംപീച്ച്മെന്റ് നോട്ടീസില്‍ 64 എം.പിമാര്‍ ഒപ്പുവച്ചിട്ടുണ്ട്. 50 എം.പിമാരുടെ പിന്തുണയാണ് നോട്ടീസ് പരിഗണിക്കുന്നതിന വേണ്ടത്.






