
കൊച്ചി : വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഭാര്യ അഖില തിരിച്ചറിഞ്ഞു. കാക്കനാട് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നീ പോലീസുകാരെയാണ് അഖില തിരിച്ചറിഞ്ഞത്.
അഖിലയെ കൂടാതെ അയല്‍വാസിയും ഇവരെ തിരിച്ചറിഞ്ഞു.
പ്രതികളുടെ രൂപത്തില്‍ മാറ്റം വന്നിരുന്നതായി അഖില പ്രതികരിച്ചു. 17 പേര്‍ക്കൊപ്പം പ്രതികളെ നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്. ഈ മാസം ആറിന് രാത്രിയാണ് ആര്.ടി.എഫ് ശ്രീജിത്തിനെ വീടു വളഞ്ഞ് പിടികൂടിയത്. പോലീസുകാര്‍ മര്‍ദ്ദിച്ചാണ് ശ്രീജിത്തിനെ വാഹനത്തില്‍ കയറ്റിയതെന്ന മാതാവ് ശ്യാമള, ശ്രീജിത്തിന്റെ ഭാര്യ അഖില എന്നിവരുടെ മൊഴികളാണ് പ്രതികളുടെ അറസ്റ്റില്‍ എത്തിച്ചത്.
ഇതിനിടെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.






