
തലശ്ശേരി : കണ്ണൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യ വായ തുറക്കാന്‍ പോലീസ് കാത്തിരുന്നത് 11 മണിക്കൂര്‍. പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടും യാതൊരു കൂസലും ഇല്ലാതിരുന്ന സൗമ്യ രാവിലെ പത്തു മണി മുതല്‍ അഞ്ചു മണി വരെ പല തരത്തില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടും ഒരു വാക്കുപോലും തുറന്നു പറയാന്‍ തയ്യാറായില്ല. ഒടുവില്‍ ഒപ്പം നിന്ന് സഹതാപം പ്രകടിപ്പിച്ചുള്ള പോലീസിന്റെ തന്ത്രത്തില്‍ വീഴുകയും മകളില്ലാതെയാകുന്നതല്ലേ ജീവിതത്തിന് നല്ലതെന്ന ചോദ്യത്തിന് മുന്നില്‍ പതറുകയുമായിരുന്നു.
ജില്ലാ പോലീസ് ഉന്നതന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന് ചോദ്യം ചെയ്യാന്‍ റസ്റ്റ് ഹൗസില്‍ എത്തിയതോടെയാണ് കളം മാറിയത്. സൗമ്യയ്ക്കൊപ്പം നിന്ന് സഹതാപ വാക്കുകളോടെയാണ് സദാനന്ദന് തുടങ്ങിയത്. മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന തോന്നലില്ലേ എന്ന ചോദ്യത്തിന് അതേയെന്ന് ഉത്തരം കിട്ടിയതോടെ അന്വേഷണസംഘം ഉഷാറായി.
മറ്റുള്ള ഉദ്യോഗസ്ഥര്‍ കൂടി കേള്‍ക്കുന്നതില്‍ കുഴപ്പമില്ലല്ലോ എന്ന ചോദ്യത്തിന് ആ ടീ ഷര്‍ട്ടുകാരനെ കൂടി വിളിക്കൂ എന്നായിരുന്നു സൗമ്യയുടെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥന് കെ ഇ പ്രേമചന്ദ്രനെ വിളിക്കാനായിരുന്നു ഉദ്ദേശിച്ചതെന്ന് മനസ്സിലായതോടെ സിഐ യും സൗമയ്ക്ക് മുന്നിലെത്തി. തന്റെ മുന്നിലെത്തിയ സിഐ യുടെ ഇരു കൈകളും മുറുകെ പിടിച്ച സൗമ്യ പൊട്ടിക്കരയുകയായിരുന്നു. പിന്നെ രണ്ടു ഗ്ളാസ്സ് വെള്ളം കുടിച്ച ശേഷം 15 മിനിറ്റു കൊണ്ട് പോലീസിന് മുന്നില്‍ എല്ലാം തുറന്നു പറഞ്ഞു.






