
ലക്നൗ: ഗോരഖ്പൂര്‍ കൂട്ടശിശുമരണക്കേസില് ഏഴു മാസത്തിലേറെയായി ജയിലിലായിരുന്ന ഡോ. കഫീല്‍ ഖാന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം ബിആര്‍ടി മെഡിക്കല്‍ കോളേജിലാണ് ഓക്സിജന്‍ ലഭിക്കാതെ കൂട്ട ശിശുമരണം സംഭവിച്ചത്. ബിആര്‍ടി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധനായ ഡോ.കഫീല്‍ ഖാനെ മുഖ്യപ്രതിയാക്കിയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കേസിന്റെ ചാര്‍ജ് ഷീറ്റ് നേരത്തെ തന്നെ ഫയല്‍ ചെയ്തതാണെന്നും അതിനാല്‍ തന്നെ ഇനി കസ്റ്റഡിയുടെ ആവശ്യം നിലനില്‍ക്കുന്നില്ലെന്നും കഫീല്‍ ഖാന്റെ ജാമ്യ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴു മാസത്തിനിടെ കഫീല്‍ ഖാന്റെ കുടുംബം ആറു തവണ ജാമ്യപേക്ഷ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. കഫീല്‍ ഖാനെതിരെ സ്വകാര്യ പ്രാക്ടീസിനും അഴിമതിക്കുറ്റവും ചുമത്തിയാണ് ശിശുമരണക്കേസില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആകെ ഒന്‍പതു പ്രതികളാണുള്ളത്. കുട്ടികളിലെ വാര്‍ഡില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായതോടെയാണ് നിരവധി കുഞ്ഞുങ്ങള്‍ ദാരുണ മരണത്തിനു കീഴടങ്ങിയത്.
ഏന്സിഫാലിറ്റിക്സ് വാര്‍ഡിലെ മേധാവിയും പീഡിയാട്രിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു കഫീല്‍. അതേസമയം, കഴിഞ്ഞ ആഴ്ച കഫീല്‍ ഖാനു ജയിലില്‍ മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗുരുതര ആരോപണവുമായി ഭാര്യ ഷബിസ്ത ഖാന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തിയിരുന്നു. തന്റെ ഭര്‍ത്താവ് ഹാര്‍ട്ട് പേഷ്യന്റ് ആണെന്നും, അദേഹത്തിന്റെ ബിപി അതീവമായി ഉയര്‍ന്നിരിക്കുകയാണെന്നും, ഡിപ്രഷന് നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അധികൃതര്‍ തന്നെ കരുവാക്കിയതാണെന്നാണ് കഫീല്‍ ഖാന്റെ വാദം. കഴിഞ്ഞ ഡിസംബറില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് തന്റെ മകനു നീതി ലഭ്യമാക്കണമെന്ന് കഫീല്‍ ഖാന്റെ മാതാവ് നുസാത്ത് പര്‍വീണ്‍ ആവശ്യപ്പെട്ടിരുന്നു.






