
കുശിനഗര്‍: ഉത്തര്‍പ്രദേശില്‍ ആളില്ലാത്ത ലെവല്‍ക്രോസ് മറികടക്കുന്നതിനിടയില്‍ ട്രെയിന്‍ സ്കൂള്‍ബസില്‍ ഇടിച്ചു 13 കുട്ടികള്‍ മരണമടഞ്ഞു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഗൊരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കുശിനഗര്‍ നഗരത്തിന് സമീപം ദുധിയിലെ ലെവല്‍ക്രോസിലാണ് സംഭവം.
ഡിവൈന്‍ പബ്ളിക് സ്കോള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ബസില്‍ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസില്‍ 18 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം നഷ്ടപരിഹാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നും ഡിജിപി ഒപി സിംഗ് വ്യക്തമാക്കി.
അപകടത്തില്‍ യോഗി ആദിത്യനാഥും ഞെട്ടല്‍ രേഖപ്പെടുത്തി. മരണമടഞ്ഞ കുട്ടികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. എല്ലാവിധമുള്ള അടിയന്തിര വൈദ്യസഹായം നല്കാന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മാസം തന്നെ സ്കൂള്‍ കുട്ടികളുമായി ബന്ധപ്പെട്ട രണ്ടാമത്തെ സംഭവമാണ് ഇത്. ഈ മാസം ആദ്യമായിരുന്നു 23 കുട്ടികളും നാലു മുതിര്‍ന്നവരും ഹിമാചലിലെ കാംഗ്ര ജില്ലയില്‍ സ്കൂള്‍ ബസ് നദിയിലേക്ക് വീണതിനെ തുടര്‍ന്ന് മരണമടഞ്ഞത്.






