
തലശേരി: കണ്ണൂരില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ സൗമ്യ എലിവിഷം കിട്ടിയില്ലെങ്കില്‍ ആഹാരത്തില്‍ ഒതളങ്ങ കൊടുക്കാനും പദ്ധതിയിട്ടിരുന്നു. മരണം ഉറപ്പാക്കാന്‍ വിഷം ഉള്ളില്‍ ചെന്ന് അസുഖബാധിതരായി ചികില്‍സ തേടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഇവരുടെ ഡിസ്ചാര്‍ജ് നിര്‍ബന്ധ മായി വാങ്ങി വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിലാണ് സൗമ്യ ഇക്കാര്യമെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അനേകം സുപ്രധാന വിവരങ്ങളാണ് അനേ്വഷണ സംഘത്തിനു ലഭിച്ചത്. വീട്ടുകാരെ കൊലപ്പെടുത്താനുള്ള മറ്റു മാര്‍ഗങ്ങളും സൗമ്യ കണ്ടെത്തിയിരുന്നതായി അനേ്വഷണസംഘത്തിനു വിവരം ലഭിച്ചു. ആലപ്പുഴയില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് ഒതളങ്ങ കൊണ്ടുവരാനുള്ള ശ്രമം സൗമ്യ നടത്തിയത്. ഒടുവില്‍ എലിവിഷം തന്നെ കൊലപ്പെടുത്തുവാന്‍ ഉപയോഗിക്കുകയായിരുന്നു
സൗമ്യയ്ക്ക് എലിവിഷം വാങ്ങിനല്‍കിയ ആളെ തിരിച്ചറിഞ്ഞു. സൗമ്യ സ്ഥിരമായി ഓട്ടം വിളിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണിയാള്‍. വീട്ടില്‍ എലിശല്യം കൂടുതലാണെന്ന് പറഞ്ഞ് സൗമ്യ ആവശ്യപ്പെട്ടതു പ്രകരമാണ് എലിവിഷം വാങ്ങി നല്‍കിയതെന്ന് അറുപതുകാരനായ ഇയാള്‍ പോലീസില്‍ മൊഴിനല്‍കി. സൗമ്യയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും കൂട്ടക്കൊലയില്‍ ഇയാള്‍ക്കു പങ്കില്ലെന്നാണു പോലീസ് കരുതുന്നത്. സൗമ്യ ഇഞ്ചിഞ്ചായി കൊന്ന മൂന്നു പേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പരിശോധനയില്‍ എലിവിഷം കണ്ടെത്താന്‍ കഴിയാത്തതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഫോസ്ഫറസിന്റെ സാന്നിധ്യമുള്ളതിനാലാണ് മൂന്നുമാസം മുമ്പ് മരിച്ച ഐശ്വര്യയുടെ ആന്തരികാവയവങ്ങള്‍ നശിക്കാതിരുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.






