
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിഴിവ്. ലിഗയുടെ മൃതദേഹം കണ്ട വാഴയമുട്ടത്തുനിന്നും മുടിയിഴകള്‍ കണ്ടെത്തി. ഇത് ലിഗയുടേതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. മുടിയിഴകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
വാഴയമുട്ടത്തെ രണ്ട് ഫൈബര്‍ ബോട്ടുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലിഗയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. പോലീസ് സര്ജന്മാരുടെ പ്രാഥമിക അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നിഗമനം.
ലിഗയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ലിഗയ്ക്കെതിരെ മാനഭംഗ ശ്രമമുണ്ടായതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സംഭവുമായി ബന്ധപ്പെട്ട് സഹോദരങ്ങളടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് തലേന്ന് കസ്റ്റഡിയിലായവരെ ഇവരെ കണ്ടതായി സാക്ഷി മൊഴി ലഭിച്ചിട്ടുണ്ട്. ലിഗയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാകാമെന്നും സഹോദരി തുടക്കം മുതല്‍ ആരോപിച്ചിരുന്നു. പ്രദേശത്തെ ലഹരി മരുന്ന് സംഘങ്ങളേടയും ചീട്ട് കളിക്കാനെത്തുന്നവരേയും പോലീസ് സംശയിക്കുന്നുണ്ട്. ലിഗ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയ വള്ളം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
കസ്റ്റഡിയിലെടുത്ത അഞ്ചുപേരില്‍ നിന്നു അന്വേഷണം ഒരാളിലേക്കു കേന്ദ്രീകരിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് കോവളം പൂനം പ്രദേശത്തു നിന്നു അപ്രത്യക്ഷനായ മധ്യവയസ്കനു വേണ്ടിയും തെരച്ചില്‍ തുടങ്ങി. കണ്ടല്‍ കാട്ടിലെ വള്ളികള്‍ ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ കുരുക്ക് ഉപയോഗിച്ചു ലിഗയെ കൊലപ്പെടുത്തിയതെന്നാണു പോലീസ് സംശയിക്കുന്നത്.






