
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്ക് കൊളീജിയം യോഗം ആരംഭിച്ചു. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം അഞ്ചംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതി ഇന്ന് സിറ്റിങ് നടത്തിയിരുന്നില്ല.
ഇന്നത്തെ കൊളീജിയത്തില്‍ പങ്കെടുക്കാന്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസ് നോട്ടീസ് നല്‍കിയിരുന്നു. കെ.എം ജോസഫിന്റെ നിയമനം മാത്രമാണ് അജന്ഡയിലുള്ളതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കെ.എം ജോസഫിന്റെ നിയമനത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സുപ്രീംകോടതിയുടെ നിലനില്‍പ്പിന്റെയും അധികാരത്തിന്റെയും വിഷയമാണെന്നാണ് ജഡ്ജിമാര്ക്കിടെയിലെ പൊതുവികാരം. അതിനാല്‍ ശുപാര്‍ശ വീണ്ടും അയക്കുമെന്നു തന്നെയാണ് സൂചനകള്‍. എന്തുകൊണ്ട് ജോസഫിനെ നിയമിക്കണമെന്നത് വസ്തുതകളും കീഴ്വഴക്കവും ചൂണ്ടിക്കാട്ടി കൊളീജിയം കേന്ദ്രത്തെ അറിയിക്കും.
രാജ്യത്തെ മികച്ച ജഡ്ജിമാരിലൊരാളായ കെ.എം.ജോസഫിനെ തന്നെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ജോസഫിന്റെ നിയമനം അംഗീകരിക്കുന്നതുവരെ പുതിയ നിയമനഃശുപാര്ശകള് അയക്കേണ്ടതില്ലെന്നും തീരുമാനിച്ചേക്കും.






