
ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ പത്തൊമ്പത്കാരിയായ തൊഴിലാളി കൂട്ടമാനഭംഗത്തിരയായി. ചൊവ്വാഴ്ച രാത്രി ഒരു ഓട്ടോഡ്രൈവറും ഇയാളുടെ നാല് സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
അലിഗഡിലേക്ക് പോകാന്‍ സോഹ്ന ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയാണ് പീഡനം. സോഹ്ന സ്റ്റാന്‍ഡില്‍ നിന്നും അലിഗഡിലേക്ക് ബസ് ഇല്ലെന്നും ഗുഡ്ഗാവ് സ്റ്റാന്‍ഡിലേക്ക് പോകണമെന്നും ഇയാള്‍ പറഞ്ഞു. ഇതുവിശ്വസിച്ച് ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ ഗുഡ്ഗാവില്‍ എത്തിക്കുന്നതിനു പകരം റെയ്സാനയിലെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ കാത്തുനിന്ന നാലു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച ശേഷം അവര്‍ കടന്നുകളഞ്ഞു.
വീട്ടിലെത്തിയ പെണ്‍കുട്ടി പിറ്റേന്ന് പോലീസിന് പരാതി നല്‍കുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണം പൂരോഗമിക്കുകയാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറയുന്നു.






