
ന്യൂയോര്‍ക്ക്: അവിഹിതബന്ധം മൂടിവെയ്ക്കാന്‍ കൈക്കൂലി നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ്ിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ സ്വകാര്യ അഭിഭാഷകന് വന്‍തുക തിരിച്ചു കൊടുത്തതായി ട്രംപ് സമ്മതിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മുമ്പ് നടന്ന അവിഹിത ഇടപാടുകളുടെ വിവരങ്ങള്‍ മറച്ചു വെയ്ക്കാന്‍ ബ്ളൂഫിലിം താരത്തിന് ട്രംപിന്റെ അഭിഭാഷകന് മൈക്കല്‍ കോഹന് 130,000 ഡോളര്‍ നല്‍കിയെന്നായിരുന്നു നേരത്തേ ഉയര്‍ന്ന ആരോപണം.
അതേസമയം തന്നെ നടി സ്ട്രോമി ഡാനിയേല്‍സിന്റെ ആരോപണം ട്രംപ് നിഷേധിച്ചുമില്ല. ട്രംപ് പ്രസിഡന്റായതിന് ശേഷമാണ് നടി ആരോപണവുമായി വന്നത്. ഒരു ദശകം മുമ്പ് ട്രംപ് താനുമായി കിടപ്പറ പങ്കുവെച്ചിട്ടുണ്ടെന്നായിരുന്നു ഡാനിയേല്‍ പറഞ്ഞത്. നേരത്തേ നടിക്ക് പണം കൊടുത്തു എന്ന ആരോപണത്തില്‍ തനിക്ക് പണത്തേക്കുറിച്ച് ഒന്നുമറിയില്ല എന്ന നിലപാടിലായിരുന്നു ട്രംപിന്റേത്. മാസം തോറുമുള്ള തിരിച്ചടവ് എന്ന രീതിയിലായിരുന്നു പണം മടക്കിക്കൊടുത്തതെന്നാണ് ട്രംപ് തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം പ്രചരണത്തിനോ സംഭാവനയ്ക്കോ ഈ പണമിടപാടില്‍ യാതൊരു പങ്കുമില്ലെന്നും പറഞ്ഞു.
മുന്‍ ന്യൂയോര്‍ക്ക് മേയറും ട്രംപിന്റെ ലീഗല്‍ ടീമില്‍ അംഗവുമായ റൂഡി ജൂലിയാനി ഫോക്സ്ന്യുസിന് നല്കിയ അഭിമുഖത്തില്‍ പ്രസിഡന്റ് കോഹന് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു ട്രംപിന്റെ ട്വീറ്റും വന്നത്. പ്രസിഡന്റ് ഈ കടം വീട്ടിയെന്ന ജൂലിയാനിയുടെ പ്രസ്താവന ട്രംപിന്റെയും മുന്‍ മേയറുടേയും കോഹന്റെയും വസതികളും ട്രംപ് ഓര്‍ഗനൈസേഷന്റെ ഓഫീസും സ്ഥിതി ചെയ്യുന്ന ന്യൂയോര്‍ക്ക് നഗരത്തെ തന്നെ കിടിലം കൊള്ളിക്കുന്ന വാര്‍ത്തയായിരുന്നു. അതേസമയം ഡാനിയേലിന് നല്കിയ തുകയാണോ ഇതെന്ന കാര്യം ട്രംപ് വ്യക്തമായി പറഞ്ഞിട്ടില്ല.
എന്നാല്‍ ഇതിന് തത്തുല്യമായ തുക താന്‍ ട്രംപിന്റെ വീട്ടില്‍ നിന്നും കൊണ്ടുപോയെന്ന് കോഹന് നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ട്രംപോ ട്രംപ് ഓര്‍ഗനൈസേഷനോ ശരി വെച്ചിരുന്നില്ല. ദീര്‍ഘകാലം ട്രംപിന്റെ അഭിഭാഷകനായിരുന്ന കോഹന് ഈ പണവുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, പ്രചരണത്തിനിടെയുള്ള സാമ്പത്തിക നിയമലംഘനം നടത്തിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണം നടത്തി വരികയാണ്. ഏപ്രില്‍ പകുതിയോടെ കോഹന്റെ വീടും ഹോട്ടല്‍ മുറിയും പരിശോധന നടത്തിയ എഫ്ബിഐ എല്ലാറ്റിനും രേഖയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
മുന്‍ പ്ളേബോയി മോഡല്‍ കൂടിയായ ഡാനിയേല്‍ തന്റെയും ട്രംപിന്റെയും കിടപ്പറയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏതെങ്കിലൂം ന്യൂസ് പബ്ളിക്കേഷന്‍ നല്കി പണം സമ്പാദിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലാണ്. ഏപ്രില്‍ അഞ്ചിന് എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് ചില മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോഹന് പണം കിട്ടിയോ എന്ന് തനിക്കറിയില്ലെന്ന നിലപാടാണ് ട്രംപ് എടുത്തത്. നവംബര്‍ 7 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2016 ഒക്ടോബറിലാണ് ഡാനിയെല്സിന് അവിഹിത കഥകള്‍ മിണ്ടാതിരിക്കാന്‍ കോഹന് പണം നല്‍കിയത്.
35,000 ഡോളറുകള്‍ വരുന്ന മാസത്തുകയായിരുന്നു ഈ പണം ട്രംപ് തിരിച്ചു നല്‍കിയത്. മൊത്തം 460,000 ഡോളറോ, 470,000 ഡോളറോ ആണ് തന്റെ കുടുംബ അക്കൗണ്ടിലൂടെ ട്രംപ് തിരിച്ചടവ് നല്‍കിയത്. ഇതു തന്നെ അമേരിക്കന്‍ പ്രസിഡന്റ് ജനങ്ങളോട് കള്ളം പറയുകയാണെന്ന ഏറ്റവും വലിയ തെളിവാണെന്നായിരുന്നു ഡാനിയേല്‍സിന്റെ അഭിഭാഷക മൈക്കല്‍ അവ്നാട്ടി പറഞ്ഞത്.






