
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി മുമ്പോട്ട് പോയാലും നില നില്‍ക്കുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാരും. 64 എംപിമാര്‍ ഇംപീച്ച്മെന്റ് നോട്ടീസില്‍ ഒപ്പുവെച്ചെങ്കിലും രണ്ടു പേര് മാത്രമാണ് ഹര്‍ജി നല്‍കിയതെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇക്കാര്യത്തില്‍ ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ കുറഞ്ഞത് 50 പേരെങ്കിലും അതില്‍ ഒപ്പു വെച്ചിരിക്കണമെന്നതാണ് ചട്ടമെന്ന് അറ്റോര്‍ജി ജനറല്‍ കെ.കെ വേണുഗോപാല്‍ പറയുന്നു. ജസ്റ്റീസ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബഞ്ചിന് മുന്നിലാണ് കപില്‍ സിബലും പ്രശാന്ത് ഭൂഷണം ഹര്‍ജി സമര്‍പ്പിച്ച കാര്യം ഉന്നയിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കേണ്ടത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റീസാണെന്നും അദ്ദേഹത്തിന്റെ ബഞ്ചിനെ സമീപിക്കാനും ജെസ്റ്റീസ് ചെലമേശ്വരും ജസ്റ്റീസ് എസ്.കെ. കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ ബഞ്ചിന് തീരുമാനം എടുക്കാനാകില്ല എന്നാണ് കപില്‍ സിബലും ഭൂഷണം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ചൊവ്വാഴ്ച ഹര്‍ജി തന്റെ ബഞ്ചിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജസ്റ്റീസ് ചെലമേശ്വര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ടു വരെ ഹര്‍ജി ഏതു ബഞ്ച് പരിഗണിക്കുമെന്ന കാര്യത്തില ആശയക്കുഴപ്പം നില നിന്നിരുന്നു. പിന്നാലെയാണ് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് നോട്ടീസ് വന്നത്.
ജസ്റ്റീസ് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഞ്ചു ജഡ്ജിമാരെയും ഉള്‍പ്പെടുത്താതെ ആറാമനായ സിക്രി മുതല്‍ താഴോട്ടുള്ളവരെ ഉള്‍പ്പെടുത്തിയ ബഞ്ചിനാണ് കേസ് നല്‍കിയത്. ഏഴു മുതല്‍ പത്തു വരെ സ്ഥാനങ്ങളിലുള്ള എസ് എ ബോബ്ഡേ, എന്‍വി രമണ, അരുണ്‍ മിശ്ര, എ.കെ. ഗോയല്‍ എന്നിവരായിരുന്നു ബഞ്ചിലെ മറ്റുള്ളവര്‍. രാജ്യസഭാംഗങ്ങളായ പഞ്ചാബില്‍ നിന്നുള്ള അംഗം പ്രതാപ് സിംഗ് ബാജ്വയും ഗുജറാത്തില്‍ നിന്നുള്ള എംപി അമീ ഹര്ഷാദ്രേയുമായിരുന്നു ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഹര്‍ജി ഭരണഘടനാ ബഞ്ചിന് വിട്ട നടപടിയെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവുമായ കപില്‍ സിബല്‍ ചോദ്യം ചെയ്തു. ആരാണ് ഹര്‍ജി ഭരണഘടനാ ബഞ്ചിന് വിട്ടതെന്ന അറിയണമെന്നും ചീഫ് ജസ്റ്റീസാണെങ്കില് അദ്ദേഹത്തിനെതിരേയുള്ള ഹര്‍ജി അദ്ദേഹം തന്നെ ഭരണഘടനാ ബഞ്ചിന് വിടുന്നത് കീഴ്വഴക്ക ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ഉത്തരവ് കാണണമെന്ന വാദത്തില്‍ കപില്‍ സിബല്‍ ഉറച്ചു നിന്നു. ബഞ്ച് രൂപീകരിക്കാനുള്ള അധികാരം ചീഫ് ജസ്റ്റീസിനാണെന്ന കോടതിയുടെ വാദം അംഗീകരിക്കാതെ ഉത്തരവ് കാണണമെന്ന് ആവശ്യപ്പെട്ട് കപില്‍ സിബല്‍ ഉറച്ചു നിന്നതോടെ വാദം നടക്കാതെ വന്നു. തുടര്‍ന്നാണ് ഹര്‍ജി പിന് വലിക്കുകയാണെന്ന കപില്‍ സിബല്‍ വ്യക്തമാക്കിയത്.






