
തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ നാല് പോലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
നാല് പോലീസുകാരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എ.എസ്.ഐമാരായ ജയാനന്ദന്‍, സന്തോഷ്, സി.പി.ഒമാരായ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെയ്ക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ഇതിനിടെ, കേസില്‍ നാട്ടുകാരായ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാനും കോടതി അനുമതി നല്‍കി. വരാപ്പുഴ വീടാക്രമണ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടത്തി. പ്രദേശത്തുനിന്നും ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു.






